manoj-
എക്സൈസ് ഇൻസ്പെക്ടർ ഡി .എസ് മനോജ്

കൊല്ലം: വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ഏറ്രുവാങ്ങി ജില്ലയിലെ നാല് എക്സൈസ് ഉദ്യോഗസ്ഥർ. അസി. എക്സൈസ് കമ്മിഷണർ വി.റോബർട്ട്, വനിത സിവിൽ ഓഫീസർ ശാലിനി ശശി എന്നിവർ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്.മനോജ്, അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ എന്നിവർ ബാഡ്ജ് ഒഫ് എക്സലൻസും തൃശൂർ എക്സൈസ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷിൽ നിന്ന് ഏറ്റുവാങ്ങി.

മുൻ കൊല്ലം അസി. എക്സൈസ് കമ്മിഷണറായിരുന്ന വി.റോബർട്ടിന് മുഖ്യമന്ത്രിയുടെ 2015 ലെ വിശിഷ്ട സേവനത്തിനുള്ള എക്സൈസ് മെഡലും ലഭിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനുള്ള 2022 ലെ എക്സൈസ് കമ്മിഷണർ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം ലഭിച്ച പ്രഥമ അസി. എക്സൈസ് കമ്മിഷണർ കൂടിയാണ് റോബർട്ട്. കൊട്ടാരക്കര നെടുവത്തൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ആലപ്പുഴ വിമുക്തി അസി. എക്സൈസ് കമ്മിഷണറാണ്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് അവാർഡ്.

ശാലിനി ശശി എഴുകോൺ എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവിൽ എക്സൈസ് ഓഫീസറാണ്. 2014ലാണ് സർവീസിൽ പ്രവേശിച്ചത്. ഏഴ് ഗുഡ് സർവീസ് എൻട്രി, കാഷ് റിവാർഡ്, മൂന്ന് ലെറ്റർ ഒഫ് അപ്രീസിയേഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറായ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാറിന് മികച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനം കാഴ്ചവച്ചതിനാണ് ഡിക്ടറ്റീവ് എക്സലൻസ് മേഖലയിൽ ബാഡ്ജ് ഒഫ് എക്സലൻസ് ലഭിച്ചത്. എക്സൈസ് കമ്മിഷണറുടെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അംഗം കൂടിയാണ് മനോജ് കുമാർ.

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടറായ (ഗ്രേഡ്) പി.എൽ.വിജിലാലിന് ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ വിഭാഗത്തിലാണ് ബാഡ്ജ് ഒഫ് എക്സലൻസ് ലഭിച്ചത്. വിമുക്തി കോ-ഓർഡിനേറ്റർ വിമുക്തി ലൈബ്രറിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഡി.എസ്.മനോജ് കുമാറിന് 2012, 2014 വർഷങ്ങളിൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും പി.എൽ വിജിലാലിന് 2021 വർഷത്തെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും 2022 വർഷത്തെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.