ooda-

കൊട്ടിയം: മേവറത്ത് ദേശീയപാതയ്ക്കായി വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം വിവാദത്തിലേക്ക്. കരാർ കമ്പനിയെ സഹായിക്കാനാണ് അലൈൻമെന്റിൽ മാറ്റം വരുത്തി വീണ്ടും സ്ഥലം ഏറ്റെടുക്കുന്നതെന്ന കള്ളി പുറത്തുവന്നതോടെ ദേശീയ പാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.

മേവറം ജംഗ്ഷനടുത്ത് സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്ന തട്ടാമല തയ്യിൽ കുടുംബത്തിന്റെ സ്ഥലം വീണ്ടും ഏറ്റെടുക്കാനുള്ള നീക്കമാണ് വിവാദമായത്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന ഒരു വീടും മൂന്ന് കടകളും സ്ഥിതി ചെയ്തിരുന്ന സ്ഥലം ഹൈവേയ്ക്കായി വിട്ടുകൊടുത്ത ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചത്. സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കി അനുമതി വാങ്ങിയാണ് പുതിയ നാലുനില കെട്ടിടം നിർമ്മിച്ചത്. അശുപത്രി കെട്ടിടത്തോട് ചേർന്ന് മുന്നിലുള്ള സ്ഥലമാണ് ഇപ്പോൾ ഏറ്റെടുക്കാനായി ത്രി എ വിജഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആശുപത്രിയിലേക്കുള്ള വൈദ്യുതിക്കുള്ള ട്രാൻസ്ഫോമറുകൾ ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്.

ആശുപത്രി കെട്ടിടത്തിന്റെ എതിർവശത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ കുറച്ചുഭാഗം വെറുതെയിട്ടിട്ട് ഓട നിർമ്മിച്ചതാണ് മറുവശത്ത് പുതുതായി സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. എതിർവശത്തെ ഏറ്റെടുത്ത സ്ഥലം പൂർണമായി പ്രയോജനപ്പെടുത്തി ഓട നിർമ്മിച്ചാൽ മറുവശത്ത് പുതുതായി സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പ്രശ്ന പരിഹാരത്തിനായി കരാർ കമ്പനി അധികൃതരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തയ്യിൽ കുടുംബാംഗങ്ങളുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു. ഇത് ഫലം കാണാതെ വന്നതോടെയാണ് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ സാഹു, ഡെപ്യൂട്ടി മാനേജർ വെങ്കിടേശ്, ലെയ്സൻ ഓഫീസർ അബ്ദുൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ കരാർ കമ്പനിയായ ശിവാലയയുടെ ഉദ്യോഗസ്ഥരും സർവേയർമാരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചത്.

മേവറത്ത് പുതുതായി ഏറ്റെടുക്കുന്ന സ്ഥലവും മറുവശത്ത് ഓട നിർമ്മിച്ച സ്ഥലവും നിലവിലെ പ്ലാനും പരിശോധിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും.

ഹൈവേ അതോറിറ്റി അധികൃതർ

സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഹൈവേ അതോറിറ്റി, സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.

തയ്യിൽ കുടുംബം