
കൊല്ലം: കലാസ്വാദനത്തോടൊപ്പം സാമൂഹിക ദുരാചാരങ്ങളെയും ഉച്ഛാടനം ചെയ്യാൻ യത്നിച്ച ജനകീയ കലാരൂപമാണ് കഥാപ്രസംഗമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഹരികഥാ കാലക്ഷേപ കലാകാരനായിരുന്ന കെ.എൻ.സത്യദേവനെ കൊണ്ട് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിനു ചരിത്രത്തിലാദ്യമായി കഥാവിഷ്‌കാരം നടത്തിച്ചു അവതരിപ്പിക്കാൻ ശ്രീനാരായണഗുരുദേവൻ പ്രേരണ നൽകിയത് ഇക്കാരണത്താലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഥാപ്രസംഗം കേരള നവോത്ഥാനത്തിനും മലയാള ഭാഷാപരിപോഷണത്തിനും നൽകിയ സംഭാവന എന്ന വിഷയത്തിൽ പണ്ഡിറ്റ് നെഹ്‌റു കൾച്ചറൽ ആൻഡ് പ്രോഗ്രസീവ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടനാ പ്രസിഡന്റ് എ.റഹീംകുട്ടി അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ അനുമോദന പ്രസംഗം നടത്തി. കാഥികൻ അയിലം ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിച്ചു. പ്രൊഫ.കെ.ശശികുമാർ, പ്രൊഫ.ഡോ.വെള്ളിമൺ നെൽസൺ, ഡോ.സി.അനിത ശങ്കർ, പ്രൊഫ. വി.ഹർഷകുമാർ, തൊടിയൂർ വസന്തകുമാരി, ഡോ.വസന്തകുമാർ സാംബശിവൻ, എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം ശേഖർ, കുരീപ്പുഴ സിറിൾ, ആശ്രാമം ഓമനക്കുട്ടൻ, ചവറ ബഞ്ചമിൻ, സ്റ്റാൻലി എം.മങ്ങാട്, മാമ്പള്ളി ജി.ആർ.രഘുനാഥ്, അശ്വതി അജി, കുരീപ്പുഴ രാജേന്ദ്രൻ, പ്രയാർ മുരളീധരൻ, അപ്‌സര ശശികുമാർ, സി.എസ്.ഗീത, മണിലാൽ കണ്ടച്ചിറ എന്നിവർ സംസാരിച്ചു. മുതിർന്ന ഇരുപത് കാഥികർക്ക് എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ എന്നിവർ ചേർന്ന് പുരസകാരം നൽകി.