ഓയൂർ : വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വേനൽ കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികളുമായി പഞ്ചായത്തും ജല അതോറിട്ടിയും. പഞ്ചായത്ത് പ്രസിഡന്റ് എം.അൻസറിന്റെ നേതൃത്വത്തിൽ ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെ ജലവിതരണത്തിൽ അടിക്കടി പ്രശ്നം ഉണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. ഓയൂർ പടിഞ്ഞാറേ ജംക്ഷനിലെ കനറാ ബാങ്കിന് സമീപം പഞ്ചായത്ത് ഓഫിസിന് മുൻ വശം, ആലുംമൂട് ജംഗ്ഷൻ, ആറ്റൂർ കോണം എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തി. കനറാ ബാങ്കിന് സമീപം പൊട്ടുന്ന പഴയ പൈപ്പുകൾ മാറ്റി ജല ജീവൻ പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന പണി തുടങ്ങി. ആറ്റൂർ കോണം മുതൽ ആലുംമൂട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ജലജീവൻ മിഷന്റെ പൈപ്പുകളിലൂടെ ജലവിതരണം നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. പൈപ്പുകൾ കൂട്ടി യോജിപ്പിക്കുന്നതിനുള്ള സാമഗ്രികൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.