ആദ്യഘട്ടം നൂറ് കുടുംബങ്ങൾക്ക്
കൊല്ലം: അഷ്ടമുടികായലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച 'ജീവനാണ് അഷ്ടമുടി,ജീവിക്കണം അഷ്ടമുടി' എന്ന പദ്ധതിയുടെ ഭാഗമായി അഷ്ടമുടികായലിന്റെ തീരത്ത് താമസിക്കുന്ന നൂറ് ബി.പി.എൽ കുടുംബങ്ങൾക്ക് ബയോഡൈജസ്റ്റർ ടോയ്ലറ്റ് സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ. അഷ്ടമുടികായലിന്റെ തീരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ടോയ്ലെറ്റുകൾ ഉണ്ടെങ്കിലും മാലിന്യം കായലിലേക്ക് ഒഴുക്കി വിടുന്ന സാഹചര്യമാണുള്ളത്. കായൽ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം വലിയതോതിൽ കണ്ടെത്തിയിരുന്നു. ഇതിനൊരു പരിഹാരമായാണ് ബയോഡൈജസ്റ്റർ ടോയ്ലറ്റ് സ്ഥാപിച്ച് നൽകുന്നത്.
ഒരു ടോയ്ലെറ്ര് യൂണിറ്റ് സ്ഥാപിക്കാൻ 50,000 രൂപയാണ് ചെലവ്. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. കായലിന്റെ തീരത്ത് ഏകദ്ദേശം 2000 ഓളം കുടുംബങ്ങളുണ്ട്. ഇതിൽ ബി.പി.എൽ കുടുംബങ്ങൾ ഒഴികെയുള്ള കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ടോയ്ലെറ്റുകൾ മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. ഘട്ടം ഘട്ടമായി ബാക്കിയുള്ള ബി.പി.എൽ കുടുംബങ്ങൾക്ക് ബയോഡൈജസ്റ്റർ ടോയ്ലെറ്റ് സ്ഥാപിച്ച് നൽകും.
പദ്ധതി ഉദ്ഘാടനം
ബയോ ഡൈജസ്റ്റർ ടോയ്ലെറ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു.ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ജയൻ, ഗീതാകുമാരി, യു.പവിത്ര, സുജകൃഷ്ണൻ, സവിതാദേവി, കൗൺസിൽ അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യത്തിന്റെ തോത് കുറച്ച് പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാത്ത വിധത്തിൽ മാലിന്യം ബയോഡൈജസ്റ്റർ ടാങ്കിലൂടെ സംസ്കരിച്ച് പരിഹാരം കണ്ടെത്താൻ കഴിയും. മാർച്ച് 31 ഓടെ പദ്ധതി പുർത്തിയാക്കും
പ്രസന്ന ഏണസ്റ്റ് ,മേയർ
പദ്ധതി ചെലവ് (ആദ്യഘട്ടം): 50 ലക്ഷം രൂപ (100 കുടുംബങ്ങൾക്ക്)
ഒരു ടോയ്ലെറ്ര് യൂണിറ്റിന്: 50,000 രൂപ