
കൊല്ലം: ജില്ലയിൽ 17 വില്ലേജുകളിൽ കൂടി വൈകാതെ ഡിജിറ്റൽ സർവേ ആരംഭിക്കും. മീനാട് വില്ലേജിൽ ഏതാനും ദിവസം മുമ്പ് സർവേ ആരംഭിച്ചു. 12 വില്ലേജുകളിൽ നിലവിൽ സർവേ പുരോഗമിക്കുകയാണ്.
ഓരോ വ്യക്തിയുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിലെത്തി റവന്യൂ രേഖകളും ഉടമയുടെ പക്കലുള്ള രേഖകളും പരിശോധിച്ചാണ് ആർ.ടി.കെ, ആർ.ടി.എസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേ. നിലവിൽ എങ്ങും കാര്യമായ തർക്കങ്ങളില്ല. ഓരോ വില്ലേജിലെയും സർവേ പൂർത്തിയാകുമ്പോൾ വിശദമായ സ്കെച്ച് വില്ലേജ് പരിധിയിലെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. ഇതിന് ശേഷം ഏതാനും ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സംയുക്ത പോർട്ടലിൽ സ്കെച്ച് പ്രദർശിപ്പിക്കും.
ആദ്യം ആരംഭിച്ച 12 വില്ലേജുകളിൽ മങ്ങാട്ടെ സർവേ മാപ്പ് പോർട്ടലിൽ ഉൾപ്പെടുത്താനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. കുലശേഖരപുരം, കിളികൊല്ലൂർ, തലവൂർ വില്ലേജുകളിലെ ഫീൽഡ് സർവേ പൂർത്തിയായി. ഈ നാലിടങ്ങളിലെയും സർവേ സ്കെച്ച് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി വൈകാതെ പ്രസിദ്ധീകരിക്കും.
ഡിജിറ്റലാകും നേട്ടങ്ങൾ
അതിർത്തി സർവേ കല്ലുകൾ അപ്രസക്തമാകും
വസ്തുവിന്റെ അതിരുകൾ ജി.പി.എസ് സൂചകങ്ങൾ
അതിർത്തി കല്ലുകൾ മാറ്റിയാലും ഭൂമി നഷ്ടമാകില്ല
വ്യാജരേഖ ചമച്ചുള്ള ഭൂമി വിൽപ്പന നടക്കില്ല
സർക്കാർ സംവിധാനങ്ങൾക്ക് വിവരങ്ങൾ അതിവേഗം ലഭിക്കും
ഭൂമി ക്രയവിക്രയങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട
നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാകും
ഫീൽഡ് സർവേ പുരോഗതി
കൊറ്റങ്കര- 84%
പത്തനാപുരം- 33%
വിളക്കുടി- 41%
വാളക്കോട്- 56%
കുലശേഖരപുരം- 100%
കല്ലേലിഭാഗം-93%
തൊടിയൂർ-80%
ഇടമൺ- 62%
പുനലൂർ- 54%
മങ്ങാട്- 100%
തലവൂർ- 100 %
കിളികൊല്ലൂർ- 100%
പുതുതായി ആരംഭിക്കുന്ന വില്ലേജുകൾ
പള്ളിമൺ, ഇരവിപുരം, പനയം, തൃക്കടവൂർ, തൃക്കരുവ, ഇടമുളയ്ക്കൽ, അഞ്ചൽ, അറയ്ക്കൽ, പുന്നല, കരുനാഗപ്പള്ളി, തേവലക്കര, പന്മന, വടക്കുംതല, ഇട്ടിവ, നെടുവത്തൂർ, മൈനാഗപ്പള്ളി, ഏരൂർ
പൊതുജനങ്ങൾ സർവ്വേയുമായി സഹകരിക്കണം. ഭൂസംബന്ധമായ എല്ലാ തർക്കങ്ങൾക്കും സർവ്വേ പൂർത്തിയാകുന്നതോടെ വലിയളവിൽ പരിഹാരമാകും. ഡിജിറ്റൽ സർവ്വേ മാപ്പ് പ്രസിദ്ധീകരിച്ച പോരായ്മകൾ പരിഹരിച്ച ശേഷം സംയുക്ത പോർട്ടലിൽ പ്രദർശിപ്പിക്കുന്ന സ്കെച്ചിൽ വീണ്ടും പരാതികളുണ്ടെങ്കിൽ ഭൂവുടമകൾക്ക് കളക്ടറെ സമീപിക്കാം.
റവന്യൂ വകുപ്പ് അധികൃതർ