കൊല്ലം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ 23 മുതൽ 26 വരെ സംസ്ഥാന സർക്കാരും സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് ഐ.എസ്.എസ്.കെ 2024 കേരളയ്ക്ക് മുന്നോടിയായി കാസർകോട് നിന്ന് ആരംഭിച്ച ടൂർ ഡി കേരള സൈക്ലത്തോൺ ഇന്ന് ജില്ലയിൽ പ്രവേശിക്കും.
രാവിലെ 10ന് ജില്ലാ അതിർത്തിയായ ഓച്ചിറയിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും കായികതാരങ്ങളും വിവിധ കായിക അസോസിയേഷനുകളും സ്വീകരിക്കും.
രാവിലെ 10.30ന് കരുനാഗപ്പള്ളി, 11.30ന് ചവറ, ഉച്ചയ്ക്ക് 2ന് ചിന്നക്കട ബസ് ബേ, 3ന് കുണ്ടറ, 4ന് കൊട്ടാരക്കര എന്നിവിടങ്ങളിൽ സ്വീകരണം നൽകും. നാളെ രാവിലെ 10ന് ആയൂരിലും സ്വീകരണം ഉണ്ടായിരിക്കും.
22ന് സംസ്ഥാനത്താകെ 'കേരളം നടക്കുന്നു' (കെ വാക്ക്) എന്ന പരിപാടി വൈകിട്ട് 4ന് ആശ്രാമം ചിൽഡ്രൻസ് പാർക്കിൽ നിന്ന് ആരംഭിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാർ, കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, ഡെപ്യൂട്ടി മേയർ, വിവിധ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക സന്നദ്ധ സംഘടനാ നേതാക്കൾ പ്രമുഖ കായികതാരങ്ങൾ, സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, വിവിധ കായിക അസോസിയേഷൻ പ്രവർത്തകർ, വിദ്യാർത്ഥികൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, എസ്.പി.സി, എൻ.സി.സി, കുടുംബശ്രീ, വ്യാപാരി വ്യവസായികൾ തുടങ്ങിയവർ അണിനിരക്കും.
'കായിക ക്ഷമതക്കായി കേരളം ഒന്നിച്ചു നടക്കുന്നു" എന്ന പരിപാടി വിജയിപ്പിക്കാൻ എല്ലാവരും ആശ്രാമം ചിൽഡ്രൻസ് പാർക്കിൽ 22ന് വൈകിട്ട് 4ന് എത്തിച്ചേരണം.
എക്‌സ്.ഏണസ്റ്റ്
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്