
കൊല്ലം: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ ചോദ്യം ചെയ്താൽ അത്തരക്കാരെ തല്ലിച്ചതയ്ക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്ന, പൗരാവകാശം നിഷേധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ.
ടി.കെ.ദിവാകരൻ പാർക്കിൽ നടന്ന ആർ.എസ്.പി നേതാവ് ടി.കെ.ദിവാകരന്റെ 48 -ാമത് ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഹ്റു നയിച്ച ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് 143 എം.പിമാരെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ പല സുപ്രധാന നിയമങ്ങളും ഏകപക്ഷീയമായി പാസാക്കുന്നു. മതേതരത്വം മുഖമുദ്രയായിരുന്ന രാജ്യത്ത് വർഗീയാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. അതിനാൽ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് സുപ്രധാനമാണ്.
ടി.കെ.ദിവാകരന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയിൽപ്പെട്ടവർ അനിവാര്യമായി അറിഞ്ഞിരിക്കണം. കടുത്ത ജീവിത പരീക്ഷണങ്ങളെ അതിജീവിച്ചാണ് ടി.കെ മുന്നോട്ട് പോയതെന്നും വി.എം.സുധീരൻ കുട്ടിച്ചേർത്തു.
ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വേണുഗോപാൽ, നേതാക്കളായ ബാബു ദിവാകരൻ, ടി.സി.വിജയൻ, സിസിലി, കുരീപ്പുഴ മോഹനൻ, സുൽഫി എന്നിവർ പങ്കെടുത്തു.