സിന്തറ്റിക് ലഹരിയിൽ വ്യാജൻമാർ, കഞ്ചാവിലേക്ക് മടക്കം!
കൊല്ലം: ജില്ലയിൽ പ്രശ്‌നബാധിതമായതും ലഹരി ഉപയോഗം കൂടുതലുള്ളതുമായ 90 ഹോട്ട് സ്‌പോട്ടുകൾ ഉണ്ടെന്ന് എക്‌സൈസ് റിപ്പോർട്ട്. 85 സ്‌കൂളുകൾ പ്രശ്‌നബാധിതമാണെന്നും കഴിഞ്ഞ മാസം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ എക്സൈസ് കണ്ടെത്തി. ജില്ലയിലെ ഒമ്പത് റേഞ്ചുകളിൽ 10 വീതം ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇവിടങ്ങളിലാണ് ഏറ്റവും അധികം ലഹരി ഉപയോഗമെന്നും സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
60ൽ കൂടുതൽ പ്രശ്‌നബാധിത അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളുണ്ടെന്ന് മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നെങ്കിലും പരിശോധനകൾ കർശനമാക്കിയതോടെ എണ്ണം നേർ പകുതിയായി. യുവാക്കളും വിദ്യാർത്ഥികളും ഒത്തുകൂടുന്ന സ്ഥലം, വിജനമായ പ്രദേശങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പുറമേനിന്ന് കൂടുതൽ ആളുകൾ വന്ന് ഇടപഴകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ലഹരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്‌പോട്ടുകൾ നിർണയിക്കുന്നത്. കുട്ടികൾക്ക് ലഹരിവസ്തുക്കൾ വേഗം ലഭിക്കാൻ സാദ്ധ്യതയുള്ള സ്‌കൂൾ പരിസരങ്ങൾ, പുകയില ഉത്പന്നങ്ങളും മറ്റു ലഹരിവസ്തുക്കളും പിടികൂടിയ കേസിൽ ഉൾപ്പെട്ട കടകൾക്ക് സമീപമുള്ള സ്കൂളുകൾ, കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുള്ള സ്‌കൂളുകൾ, സ്‌കൂൾ സമയങ്ങളിൽ പുറത്ത് നിന്നുള്ളവർ എത്തി വിദ്യാർത്ഥികൾക്ക് ലഹരി നൽകുന്നുവെന്ന് പരാതി ലഭിച്ച സ്കൂളുകൾ എന്നിവയാണ് പ്രശ്നബാധിത സ്‌കൂളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
കഞ്ചാവിലേക്ക് മടങ്ങുന്നു!
ജില്ലയിൽ യുവാക്കൾക്കിടയിൽ മദ്യ ഉപഭോഗം കുറയുന്നുവെന്നും സിന്തറ്റിക് ലഹരിയുടെയും കഞ്ചാവിന്റെയും ഉപയോഗം കൂടുന്നുവെന്നും എക്‌സൈസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സിന്തറ്റിക് ലഹരികളിൽ വ്യാജന്മാർ ഏറിയതോടെ, ഉപഭോഗത്തിൽ കുറവ് നേരിട്ടിരുന്ന കഞ്ചാവിലേക്ക് യുവാക്കൾ മടങ്ങിയെത്തിയെന്നും എക്സൈസ് വിലയിരുത്തുന്നു. പ്രശ്നബാധിത സ്‌കൂളുകളെ സംബന്ധിച്ച റിപ്പോർട്ട് മേയ് അവസാനമാണ് ഇന്റലിജൻസ് വിഭാഗം എക്സൈസിന് നൽകിയത്. പ്രശ്നബാധിത സ്‌കൂളുകൾക്കുള്ളിലും പുറത്തും എക്സൈസിന്റെ മഫ്തിയിലുള്ള നിരീക്ഷണമുണ്ട്.
ആളെണ്ണം കുറവ്
ജില്ലയിൽ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും മതിയായ പരിശോധന നടത്താൻ ആൾബലമില്ലാത്തത് എക്‌സൈസ് സംഘത്തെ വലയ്ക്കുന്നു. കൊല്ലം റേഞ്ചിൽ 25ൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഓഫീസ് ജോലികൾക്കും മറ്റുമായി ജീവനക്കാർ മാറുമ്പോൾ പരിശോധനയക്ക് ആളില്ലാത്ത അവസ്ഥയാണ്.