
ഓച്ചിറ: വിദ്യാഭ്യാസം നേടിയാൽ ഒരു ശക്തിക്കും ആരെയും തളർത്താൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓച്ചിറയിൽ മഹാത്മാ കുഞ്ഞൻ വെളുമ്പൻ പഠന ഗവേഷണ കേന്ദ്രത്തിന്റെയും കേന്ദ്ര കാര്യാലയത്തിന്റെയും നിർമ്മാണോദ്ഘാടനവും കേരള തണ്ടാൻ മഹാസഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന എല്ലാവരെയും സമന്മാരായി കാണുന്നു.
ജാതി വിവേചനത്തിന് ഇന്ത്യൻ സംസ്‌കാരവുമായി ബന്ധമില്ല. സംസ്ഥാനത്തെ ദുർബല സമുദായമായ തണ്ടാൻ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച കുഞ്ഞൻ വെളുമ്പന്റെ ചരിത്രം അടുത്തറിയാൻ ഈ സന്ദർശനം സഹായകമായി.
ഇന്ത്യൻ സംസ്‌കാരത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന സാർവത്രിക സ്വഭാവമുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ചിലർ അറിയപ്പെടുകയും ചിലർ അറിയപ്പെടാതെ പോവുകയും ചെയ്തു. എല്ലാവരുടെയും ത്യാഗത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.
നാം എവിടെ ജനിക്കണമെന്നത് പ്രപഞ്ച ശക്തിയുടെ തീരുമാനമാകാം എന്നാൽ നമ്മൾ എന്താകണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. ചടങ്ങിൽ കേരള തണ്ടാൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എൻ.പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ജനറൽ സെക്രട്ടറി ജി.വരദരാജൻ എന്നിവർ സംസാരിച്ചു.