 എൻ.ഒ.സി നൽകിയില്ല, സ്ഥലം ഏറ്റെടുക്കൽ പ്രതിസന്ധിയിൽ

കൊല്ലം: നാഷണൽ ഹൈവേ അതോറിട്ടി എൻ.ഒ.സി നൽകാത്തതോടെ പ്രതിസന്ധിയിലായി കല്ലുംതാഴം ആർ.ഒ.ബി നിർമ്മാണം. ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് കഴിഞ്ഞ ഒക്ടോബറിൽ റെയിൽവേയുടെ അംഗീകാരം ലഭിച്ചെങ്കിലും നാഷണൽ ഹൈവേ അതോറിട്ടിയുടെ എൻ.ഒ.സി ലഭിക്കാത്തതിനാൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കാനാകാത്ത അവസ്ഥയാണ്.

കല്ലുംതാഴം-കുറ്റിച്ചിറ റോഡിൽ കൊച്ചുകുളത്തിനും കാവൽപ്പുര ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിന് കുറുകെയാണ് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നത്. ഇപ്പോൾ ദേശീയപാത 66 ആയി മാറിയ പഴയ ബൈപ്പാസിൽ നിന്നാണ് ഓവർബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് എൻ.എച്ച്.എ.ഐയുടെ എൻ.ഒ.സി വേണ്ടിവരുന്നത്. 2022 മേയിൽ എൻ.ഒ.സിക്കായി എൻ.എച്ച്.എ.ഐയ്ക്ക് കത്ത് നൽകി. സാധാരണ ഗതിയിൽ റെയിൽവേയിൽ ജി.എ.ഡിയുടെ അനുമിതിക്കാണ് താമസം. എന്നാൽ കല്ലുംതാഴത്തിന്റെ കാര്യത്തിൽ എൻ.എച്ച്.ഐ.ഐ തീരുമാനം അനന്തമായി നീട്ടുകയാണ്.

2017 ജൂലായിലാണ് കല്ലുംതാഴം ആർ.ഒ.ബിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്. തുടർന്ന് രൂപരേഖ തയ്യാറാക്കാൻ കിറ്റ്കോയെ ചുമതലപ്പെടുത്തി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഇക്കഴിഞ്ഞ ഒക്ടോബറിൽ റെയിൽവേ ജി.എ.ഡിക്ക് അംഗീകാരം നൽകി. എൻ.എച്ച്.എ.ഐയുടെ എൻ.ഒ.സി കൂടി ലഭിച്ചാൽ ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ അതിർത്തി തിരിച്ച് കല്ലിട്ട് തുടർനടപടികളിലേക്ക് നീങ്ങാം.

ഗതാഗത കുരുക്ക് അഴിയും

കൊച്ചുകുളത്തിനും കാവൽപ്പുരം ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിലാണ് മേൽപ്പാലം വരുന്നതെങ്കിലും കൂടുതൽ ഗുണപ്പെടുന്നത് ഇപ്പോൾ എൻ.എച്ച് 66 ആയി മാറിയ പഴയ ബൈപ്പാസിലെയും കൊല്ലം തിരുമംഗലം പാതയിലെയും യാത്രക്കാർക്കാണ്. ഈ രണ്ട് റോഡുകളിലെയും യാത്രക്കാർക്ക് കല്ലുംതാഴം ജംഗ്ഷനിലെ കുരുക്കിൽപ്പെടാതെ ആർ.ഒ.ബി കുറ്റിച്ചിറ വഴിയുള്ള റോഡിനെ ആശ്രയിക്കാം. ഇതോടെ ദേശീയപാതയിൽ കല്ലുന്താഴം മുതൽ കരിക്കോട് വരെയുള്ള തിരക്ക് ഒരു പരിധിവരെ കുറയും.

കല്ലുംന്താഴം ആർ.ഒ.ബി

 സർവീസ് റോഡ് ഉൾപ്പടെ 390 മീറ്റർ നീളം

 10.2 മീറ്റർ വീതി

 സർവീസ് റോഡിന്റെ വീതി 4 മീറ്റർ
 ഒരു വശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാത