രാതി​യി​ൽ അപകടങ്ങളും കൂടുന്നു

കൊല്ലം: ദേശീയപാത വി​കസനം പുരോഗമി​ക്കവേ, കടമ്പാട്ടുകോണം മുതൽ ഓച്ചിറ വരെയുള്ള പലസ്ഥലങ്ങളും പൂർണമായും ഇരുട്ടി​ലായി​. തെരുവ് വിളക്കുകളുടെ കേബിൾ വിച്ഛേദിച്ചതും വിളക്കുകൾ പി​ഴുതു മാറ്റി​യതുമാണ് കാരണം.

ദേശീയപാതയിൽ കാൽനടയാത്രക്കാർ ഉൾപ്പടെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് നടക്കേണ്ട സ്ഥിതിയാണുള്ളത്. തെരുവ് വിളക്കുകൾക്ക് പകരം സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടില്ല. വാഹനങ്ങളുടെയും സമീപത്തെ കടകളുടെയും പ്രകാശമാണ് ഏക ആശ്രയം. കടകൾ അടയ്ക്കുന്നതോടെ പൂർണമായും ഇരുട്ടു നിറയും. പല സ്ഥലങ്ങളിലും തെരുവുനായ്ക്കളുടെ ഉൾപ്പെടെ ശല്യം രൂക്ഷമാണ്. ഇഴജന്തുക്കളുടെ ആക്രമണവും ഉണ്ടാകാം. രാത്രികാലങ്ങളിൽ പലഭാഗത്തും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. നടപ്പാതകൾ മാറ്രി എല്ലായിടത്തും സർവീസ് റോഡിന്റെയും ഓടകളുടെയും പണിനടക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡുകളിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണുള്ളത്. വീതികുറഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. പകൽ സമയത്തുപോലും വല്ലാത്ത അവസ്ഥയാണ്.

കൊറ്റംകുളങ്ങര,കല്ലുംതാഴം ഉൾപ്പെടെ പലഭാഗത്തും വെളിച്ചമി​ല്ലാതെ അപകടങ്ങൾ നിത്യസംഭവമായി​. ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളും പ്രായമായവരുമാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. 2025 ൽ ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പല റീച്ചുകളിലും 30 ശതമാനത്തിനടുത്ത് മാത്രമേ നിർമാണം നടന്നിട്ടുള്ളൂ. കൊറ്റംകുളങ്ങര- കൊല്ലം ബൈപ്പാസ് (31.50 കിലോമീറ്റർ), പരവൂ‌ർ- കൊറ്റംകുളങ്ങര (37.50 കിലോമീറ്റർ), കൊല്ലം ബൈപ്പാസ്- കടമ്പാട്ടുകോണം (31.25 കിലോമീറ്റർ) എന്നി​ങ്ങനെയാണ് നിർമ്മാണം പുരോഗമി​ക്കുന്നത്.

പണി​ കഴി​യുംവരെ കാത്തി​രി​ക്കണോ?

2022ൽ ആണ് ദേശീയപാത വി​കസനം ആരംഭി​ച്ചത്. കൊറ്റംകുളങ്ങര മുതൽ കൊല്ലം ബൈപ്പാസ് വരെ 2025 ഡിസംബറിലും പരവൂ‌ർ മുതൽ കൊറ്റംകുളങ്ങര വരെ 2025 ജൂണിലും കൊല്ലം ബൈപ്പാസ് മുതൽ കടമ്പാട്ടുകോണം വരെ 2025 ഫെബ്രുവരിയിലുമാണ് നിർമ്മാണം പൂർത്തിയാക്കേണ്ടത്. എന്നാൽ ഇതുവരെ കാത്തി​രി​ക്കാൻ കി​യി​ല്ലെന്നും പ്രകാശമില്ലാത്ത ഭാഗങ്ങളി​ലെ പ്രശ്നം പരി​ഹരി​ക്കണമെന്നുമാണ് പ്രദേശവാസി​കളുടെ ആവശ്യം.