കൊല്ലം: പേരയം ഗ്രാമ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 1.75 ഏക്കർ ഭൂമി തിരുവനന്തപുരം ആസ്ഥാനമായ സന്നദ്ധ സംഘടനയായ ജെംസ് ഫൗണ്ടേഷനിൽ നിന്നും സൗജന്യമായി ലഭിച്ചതായി പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അറിയിച്ചു.
1995ലെ പഞ്ചായത്ത് ഭരണ സമിതി, പഞ്ചായത്ത് വക പൊതു മാർക്കറ്റ് സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയിൽ നിന്നു ഈ ഭൂമി വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചെങ്കിലും ചന്ത മാറ്റി സ്ഥാപിക്കുന്നതിലെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. ഈ ഭൂമി പിന്നീട് ജെംസ് ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തനങ്ങൾക്കായി വിലയ്ക്ക് വാങ്ങി. ഇപ്പോൾ പഞ്ചായത്തിന് നൽകിയ ഭൂമിയോട് ചേർന്ന് ജെംസ് ഫൗണ്ടേഷനിൽ നിന്നും രണ്ട് സെന്റ് വസ്തു വീതം ലഭിച്ച 6 കുടുംബങ്ങളുണ്ട്. ഇവർക്ക് ഒരു സെന്റ് വീതം അധികമായി നൽകി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് വച്ച് നൽകും. ആദ്യ വീട് വച്ച് നൽകാൻ കുമ്പളം വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോസഫ് ഡി.ഫെർണാണ്ടസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പഞ്ചായത്തിന് ലഭിച്ച ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മിക്കാൻ പ്രാദേശിക വികസന ഫണ്ടിൽ നിന്നു തുക അനുവദിക്കാമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉറപ്പു നൽകി. ആയുർവേദ ആശുപത്രി, അങ്കണവാടി കെട്ടിടം, കുടുംബാരോഗ്യ ഉപകേന്ദ്രം എന്നിവ ഇവിടെ ആരംഭിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായും ഔദ്യോഗികമായി ഭൂമിയേറ്റെടുക്കൽ ചടങ്ങും ജെംസ് ഫൗണ്ടേഷൻ ഭാരവാഹികളെ ആദരിക്കൽ ചടങ്ങും അടുത്ത മാസം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അറിയിച്ചു.