പുനലൂർ: തെന്മല എർത്ത് ഡാമിലും സമീപ പ്രദേശങ്ങളിലും വിനോദ സഞ്ചാരികളുടെ തിക്കിത്തിരക്കാണെങ്കിലും ഇവിടെ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. എർത്ത് ഡാമിലെ ജലാശയത്തിൽ ഉല്ലാസ ബോട്ട് യാത്രയ്ക്കും കുട്ട വഞ്ചി സവാരിക്കും കാനന ഭംഗി ആസ്വദിക്കാനുമാണ് ദിവസവും നൂറ് കണക്കിനാളുകൾ തെന്മലയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയോരത്താണ് തെന്മല ഇക്കോ ടൂറിസത്തിന്റെ നിയന്ത്രണത്തിലുള്ള എർത്ത് ഡാം സ്ഥിതി ചെയ്യുന്നത്.
പാർക്കിംഗ് ഇല്ല, വിശ്രമിക്കാനിടമില്ല
ഇക്കോ ടൂറിസം ഓഫീസിൽ നിന്ന് ഉല്ലാസ ബോട്ട് യാത്രക്കും മറ്റും ടിക്കറ്റ് എടുത്ത് അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് വേണം എർത്ത് ഡാമിൽ എത്താൻ. ടൂറിസ്റ്റുകൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനമില്ലാത്തത് കാരണം എർത്ത് ഡാമിന് സമീപത്തെ പാതയോരത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അവിടെ നിന്ന് 500 മീറ്റർ കാൽ നടയായി സഞ്ചരിച്ചെങ്കിലെ ബോട്ട് യാർഡിലും മറ്റും എത്താൻ കഴിയൂ. ദൂരദേശങ്ങളിൽ നിന്നും എർത്ത് ഡാമിലെത്തുന്നവർക്ക് വിശ്രമിക്കാനോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഇവിടെ സൗകര്യം ഒരുക്കിയിട്ടില്ലെന്നാണ് സഞ്ചാരികൾ പറയുന്നത്.
ശീത സമരത്തിൽ മുങ്ങി വികസനം
വനം, കെ.ഐ.പി, ടൂറിസം വകുപ്പുകളുടെ നിയന്ത്രണത്തിലാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ മൂന്ന് വകുപ്പുകളും തമ്മിലുള്ള ശീത സമരത്തെ തുടർന്നാണ് പദ്ധതി പ്രദേശങ്ങളിലെ വികസനം പോലും തടസപ്പെടുന്നതെന്നും ആരോപണമുണ്ട്. എർത്ത് ഡാമിലെ ബോട്ട് യാർഡിന് സമീപം ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാൻ മൂന്ന് വർഷം മുമ്പ് വനം വകുപ്പ് ഒരു താത്കാലിക ഷെഡ് സ്ഥാപിച്ചെങ്കിലും കെ.ഐ.പി.അധികൃതരെത്തി പൊളിച്ച് മാറ്റിയിരുന്നു. ഇതോടെ എർത്ത് ഡാമിലെത്തുന്ന വിനോദ സഞ്ചാരികൾ തീ പാറുന്ന വെയിലത്ത് നിന്നാണ് കാഴ്ചകൾ കാണുന്നത്.
തെന്മല എർത്ത് ഡാം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കണം. അവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സംവിധാനവും ഒരുക്കണം. ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് സംരക്ഷണം ഒരുക്കാൻ കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും നിയമിക്കാൻ അധികൃതർ തയ്യാറാകണം.
(സന്തോഷ് ഉറുകുന്ന്,കേരള കോൺഗ്രസ് (ബി) , സംസ്ഥാന കമ്മിറ്റി അംഗം)