കാരുവേലിൽ:എഴുകോൺ പഞ്ചായത്ത് ഒന്നാം വാർഡിലെ കോഴിക്കോടൻ മുക്ക്- കരിപ്പ ഏലാ റോഡ് വിസ്‌മൃതിയിലേക്ക്. നാട്ടുകാർക്ക് ഏറെ സൗകര്യപ്രദമായ പാതയാണ് നവീകരണവും പരിപാലനവും ഇല്ലാതെ ഓർമ്മയാകുന്നത്. റോഡ് കാട് പിടിച്ചു കിടക്കുകയാണ്. പകൽ സമയങ്ങളിൽ പോലും വഴി നടക്കാൻ നാട്ടുകാർക്ക് ഭയമാണ്. ഈ റോഡ് സഞ്ചാരയോഗ്യമായാൽ മുളവന ഭാഗത്തേക്കുള്ള യാത്രയും എളുപ്പമാകും. കരമ്പോട്ട്‌വിള മുക്കുമായും ബന്ധിപ്പിക്കാനാകും എന്നതും നാട്ടുകാർക്ക് ഏറെ സൗകര്യപ്രദമാണ്.എന്നാൽ റോഡിനോടുള്ള അധികൃതരുടെ അവഗണന ഒടുവിൽ മറവിയായ മട്ടാണ്.
റോഡ് യാഥാർത്ഥ്യമായാൽ ബസ് റൂട്ടിനുൾപ്പടെ സാദ്ധ്യതയുണ്ട്. നേരത്തെ കാരുവേലിൽ ടി.കെ.എം മാനേജ്‌മെന്റ് കോളേജിന് മുന്നിൽ വരെയുണ്ടായിരുന്ന ബസ് റൂട്ട് പുനരുജ്ജീവിപ്പിക്കാനാകും.
കെ. ശിവദാസൻ
സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി
നടവഴി ആയിരുന്ന പ്രദേശം കാലാന്തരത്തിൽ ആരും ഉപയോഗിക്കാതായതോടെയാണ് കാട് കയറിയത്. സമീപത്ത് പുതിയ ഒരു റോഡ് വികസിച്ചതോടെ ഈ പാത ഉപയോഗിച്ചിരുന്നവർ പുതിയ റോഡിലൂടെയാക്കി സഞ്ചാരം. എട്ട് വർഷത്തോളമായി കരിപ്പ ഏല റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട്. പുതിയ റോഡ് വന്നതിന്റെ പേരിൽ ഏറെ പഴക്കമുള്ള ഈ റോഡ് ഉപേക്ഷിക്കില്ല. പഞ്ചായത്ത് ഫണ്ട് അപര്യാപ്‌തമാണ്. കൂടാതെ വ്യക്തികളുടെ സ്ഥലവും ഈ റോഡിന്റെ ഭാഗമായുണ്ട്. കാട് മൂടിയതിന് പുറമെ പാറ പൊട്ടിച്ചു നീക്കണം. അറ്റകുറ്റ പണികൾക്കല്ലാതെ പുതിയ റോഡുകൾക്ക് ഫണ്ട് ഇല്ലാത്തതും പ്രശ്‌നമാണ്.
ലിജു ചന്ദ്രൻ
വാർഡ് മെമ്പർ.