photo
ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളിയിൽ തീർത്ത മനുഷ്യച്ചങ്ങല.

കരുനാഗപ്പള്ളി: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല കരുനാഗപ്പള്ളിയിൽ മനുഷ്യ മതിലായി മാറി. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച സമരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ കണ്ണികളായി. യുവതി - യുവാക്കളുടെ വൻ നിരയാണ് മനുഷ്യച്ചങ്ങലയിൽ ഉടനീളം ദൃശ്യമായത്. കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി മനുഷ്യച്ചങ്ങല മാറി. വൈകിട്ട് 4 മണിയോടെ പ്രവർത്തകരെയും കൊണ്ട് കിഴക്കൻ മേഖലയിൽ നിന്നുള്ള വാഹനങ്ങൾ എത്തിത്തുടങ്ങി. 4.30 മണിയോടെ റിഹേഴ്സൽ ആരംഭിച്ചു. മനുഷ്യച്ചങ്ങലയിൽ കണ്ണികളാൻ എത്തിയവർ ഇരുകൈകളും പരസ്പരം കോർത്ത് പിടിച്ചതോടെ മനുഷ്യ മതിൽ രൂപപ്പെട്ടു. കൃത്യം 5 മണിക്ക് മനുഷ്യച്ചങ്ങല തീർത്തു. കരുനാഗപ്പളി ടൗണിൽ സിനിമ നടൻ ജയരാജ് വാര്യർ, സി.പി.എം നേതാക്കളായ സൂസൻകോടി, പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സുരേഷ് പാലക്കോട്ട്, ബി.കെ.ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതു സമ്മേളനം സൂസൻകോടി ഉദ്ഘാടനം ചെയ്തു. ബി.കെ.ഹാഷിം അദ്ധ്യക്ഷനായി.പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, കോട്ടയിൽ രാജു, അബാദ്, ജില്ലാ പഞ്ചായത്ത്മെമ്പർ അനന്തു എന്നിവർ സംസാരിച്ചു.