കൊല്ലം: ഉത്സവ സ്ഥലത്തുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ വെട്ടി​യും കുത്തി​യും കൊല്ലാൻ ശ്രമിച്ച സംഘം പിടിയിൽ. ചാത്തന്നൂർ സ്വദേശികളായ കാശിനാഥ് (18), ശ്രീഹരി (20), ഗോകുൽ (21), വിഘ്‌നേഷ് (22) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞിരംവിള ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഫ്‌ളോട്ടിൽ പാട്ട് ഇടുന്നതുമായി ബന്ധപ്പെട്ട് മേവറം സ്വദേശിയായ ഹരിദേവും പ്രതികളുമായി വാക്കുതർക്കമുണ്ടായി. പ്രതികൾ ഫ്‌ളോട്ടിലേക്ക് കല്ലെറിയുകയും ലൈറ്റുകൾ നശിപ്പിക്കുകയും ചെയ്തു. ഹരിദേവ് ഫ്‌ളോട്ടുകളുമായി തിരികെ തട്ടാമല എത്തിയപ്പോൾ പിന്തുടർന്നു വന്ന സംഘത്തിലെ ഗോകുൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയും കൈപ്പത്തിയിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഹരിദേവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും പ്രതികൾ സംഘം ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചു. ഷെഡിൽ കിടന്ന പിക്കപ്പ് വാനിന്റെ ഗ്ലാസുകളും ഫ്‌ളോട്ടുകളും പ്രതികൾ അടിച്ചു തകർത്തു. കൊട്ടിയം എസ്.ഐ നിതിൻ നളൻ, സലിംകുമാർ, സി.പി.ഒ സുധീർ, വിപിൻ, സി​. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.