 സ്വപ്നക്കൂട് വീടുകളുടെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി ആദ്യം

കൊല്ലം: കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുന്ന, ജില്ലയിലെ അതിദരിദ്രർക്ക് സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ സഹകരണത്തോടെ ജി​ല്ലാ പഞ്ചായത്ത് വീടൊരുക്കുന്നു. 'സ്വപ്നക്കൂട്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 75 അതിദരിദ്ര കുടുംബങ്ങൾക്ക് വീട് ലഭിക്കും. ജനറൽ വിഭാഗത്തിൽപ്പെട്ട 50 കുടുംബങ്ങളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട 25 കുടുംബങ്ങളും ഉൾപ്പെടും.

സർക്കാർ പ്രസിദ്ധീകരിച്ച അതിദരിദ്രരുടെ പട്ടികയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഭവന നിർമ്മാണത്തിനുള്ള ധനസഹായം ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകുന്നതിന് പകരം വീട് പൂർത്തീകരിച്ച് താക്കോൽ കൈമാറുന്ന പദ്ധതിയാണിത്. സ്വന്തമായി 3 സെന്റെങ്കിലും ഉള്ളവർക്കാണ് വീട് നൽകുക. കുടുംബത്തിൽ ഒന്നിൽ കൂടുതൽ അംഗങ്ങളുണ്ടാവണം. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടവരാവരുത്. 9.38 ലക്ഷമാണ് വീടൊന്നിന് നിർമ്മാണ ചെലവ്. 5.88 ലക്ഷം രൂപ ജില്ല പഞ്ചായത്ത് വിഹിതവും 3.5 ലക്ഷം രൂപ ഭവനനിർമാണ ബോർഡിന്റേതുമാണ്. 7 കോടിയാണ് വീടുകളുടെ ആകെ ചെലവ്. പ്ലാൻ ഫണ്ടിന്റെ 20 ശതമാനം ലൈഫ് ഭവനപദ്ധതിക്ക് വേണ്ടി മാറ്രിവയ്ക്കും. ബാക്കി തുകയിൽ ഒരു വിഹിതമാണ് സ്വപ്നക്കൂട് പദ്ധതിക്കായി ഉപയോഗിക്കുന്നത്.

നിർമ്മാണോദ്ഘാടനം ഫെബ്രുവരി ആദ്യം നടക്കും. ഈ വർഷം തന്നെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും. ഓണസമ്മാനമായി വീട് കൈമാറാനുള്ള ശ്രമത്തിലാണ് അധികൃതർ.

കുറ്റം പറയില്ല

രണ്ട് ബെഡ് റൂമും ഒരു അടുക്കളയും ഒരു ഹാളും സിറ്റൗട്ടും അറ്റാച്ച്ഡ് ടോയ്ലറ്റും ഉൾപ്പെടുന്നതാണ് വീട്. 470 ചതുരശ്ര അടി വിസ്തീർണം. പ്ലംബിംഗും വയറിംഗും ഉൾപ്പെടെ നടത്തിയാണ് വീട് കൈമാറുന്നത്. വാർത്ത വീടുകളാണ് സ്വപ്നക്കൂട് പദ്ധതിയിൽ നിർമ്മിക്കുന്നത്.


ജില്ലയിൽ അതിദാരിദ്ര്യ നിർമാർജ്ജനം നടത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വീട് നിർമ്മിക്കുന്നത്. സമയ ബന്ധിതമായി പൂർത്തിയാക്കും

ഡോ.പി.കെ.ഗോപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്