
അഞ്ചാലുംമൂട്: കോർപ്പറേഷന്റെ കീഴിലുള്ള കുരീപ്പുഴ -കാവനാട്ടുവിള റോഡ് പുനർനിർമ്മാണത്തിന്റെ പേരിൽ കുത്തിപ്പൊളിച്ചിട്ട് രണ്ട് മാസത്തിലേറെയായിട്ടും നന്നാക്കാൻ നടപടിയെടുക്കാതെ അധികൃതർ. റോഡിലെ കുഴികൾ നികത്തി പുനർനിർമ്മിക്കുന്നതിന് വേണ്ടിയാണ് കാവനാട്ട്‌വിള ഭാഗത്ത് നിന്ന് കളീലി, കൂട്ടുംഗൽ ജംഗഷൻവഴിയുള്ള റോഡ് പൊളിച്ചിട്ടത്. ഒരാഴ്ചയ്ക്കകം റോഡിലെ കുഴികൾ നികത്തി ടാർ ചെയ്യുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല. നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ അധികൃതരെത്തി റോഡിന്റെ അളവ് എടുത്ത് പോകുന്നതല്ലാതെ യാതൊരു തുടർനടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
യാത്ര കഠിനം, പൊടിശല്യവും
മെറ്റലുകൾ ചിതറക്കിടക്കുന്ന റോഡിൽ വാഹനയാത്രയും കാൽനടയാത്രയും ദുഷ്‌ക്കരമാണ്. പൊടിശല്യംകാരണം റോഡിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളിലെ പ്രായമായവർക്കും കുട്ടികൾക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. റോഡിൽ കിടക്കുന്ന മെറ്റലുകളിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ മെറ്റലുകൾ സമീപത്തെവീട്ടിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്നവാഹനങ്ങളുടെ ഗ്ലാസിന് മേൽ പതിച്ച് നാശനഷ്ടം ഉണ്ടാകാറുള്ളതായും നാട്ടുകാർ പരാതിപ്പെടുന്നു.
പലവഴി കറങ്ങി യാത്ര
റോഡിന്റെ ശോചനീയാവസ്ഥകാരണം കൊച്ചാലുംമൂട്ടിലെ ഗവ.യു.പി സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ മറ്റ് വഴികളിലൂടെയാണ് സ്‌കൂളിലെത്തുന്നത്. തകർന്ന റോഡിലൂടെ സർവീസ് നടത്തുന്നതു കാരണം ബസുകൾക്ക് അറ്റകുറ്റപ്പണി ഒഴിഞ്ഞ നേരമില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. ഓട്ടോറിക്ഷക്കാർക്കും ഇത് വഴി യാത്രക്കാരുമായി ഓട്ടം പോകാൻ മടിയാണ്. ദിവസേന ഇരുചക്രവാഹനത്തിലും മറ്റും ഇതുവഴി പോകുന്നവർക്ക് നടുവേദനയടക്കമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായും പരാതിയുണ്ട്. എത്രയും വേഗം കുരീപ്പുഴ കാവനാട്ട് വിള റോഡ് നന്നാക്കി പഴയ സ്ഥിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.