
കൊല്ലം: അറുപതാം വയസിൽ ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് കൊല്ലം എസ്.എൻ.കോളേംജ് ജംഗ്ഷനിൽ തുന്നൽ കട നടത്തുന്ന, കോളേജ് ജംഗ്ഷൻ അഖിൽ നിവാസിൽ ഷേർലി അജയൻ. മൂന്ന് പതിറ്റാണ്ടുകളായി ഭർത്താവ് സി.എൽ.അജയകുമാറുമൊത്താണ് കട നടത്തുന്നത്. പ്രദേശത്തെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമൊക്കെ യൂണിഫോം തയ്ക്കാൻ ഏൽപ്പിക്കുന്നത് ഇവരെയാണ്. സ്കൂൾ യൂണിഫോമുകൾ തുന്നി ഒടുവിൽ പാതിവഴിയിൽ മുടങ്ങിയ പഠനം തിരികെപ്പിടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഷേർലി.
പഠിക്കാനുള്ള ആഗ്രഹം ആദ്യം സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ കോഴ്സിലെത്തിച്ചു. ഭർത്താവും മക്കൾ അനുവും അഖിലും പ്രോത്സാഹനം നൽകി. പത്താം തരം തുല്യത മികച്ച മാർക്കോടെ പാസായി. പിന്നീട് സാക്ഷരത മിഷന്റെ പ്ളസ് ടുവും ജയിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴ്സ് തുടങ്ങിയെന്നറിഞ്ഞപ്പോൾ ബിരുദ മോഹമുദിച്ചു. ഈ വർഷം ഒന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനിയായി. ഞായറാഴ്ചയാണ് ഫാത്തിമ മാത കോളേജിൽ ക്ളാസുള്ളത്. തുന്നൽ കടയ്ക്ക് അവധി നൽകി ഷേർലി പഠിക്കാൻ പോകും. രാത്രിയിൽ പുസ്തകം തുറന്ന് പഠിക്കുമ്പോൾ കൊച്ചുമക്കൾ അടുത്തുകൂടും. പിന്നെ അവരൊന്നിച്ചാണ് പഠനം ആഘോഷമാക്കുക. വ്യാപാരി വ്യവസായി സമിതി എസ്.എൻ.കോളേജ് ജംഗ്ഷൻ യൂണിറ്റ് സെക്രട്ടറിയും മികച്ച ഗായികയുമാണ് ഷേർലി. ക്ളാസ് മുറികളിലും ഷേർലിയുടെ പാട്ടുകൾക്ക് ആരാധകർ കൂടുകയാണ്.
ഫീസില്ലാതെ പഠനം മുടങ്ങി
വർക്കല സ്വദേശിയായ രാജൻ-സരസമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയതാണ് ഷേർലി. ഡ്രൈവറായിരുന്ന അച്ഛന്റെ വരുമാനത്തിൽ കുടുംബം മുന്നോട്ടുപോകാൻ ഏറെ ബുദ്ധിമുട്ടി. പിന്നീട് ഓച്ചിറ പ്രയാറിൽ താമസമാക്കി. പ്രയാറിലെ സ്കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഷേർലി പഠനം നിറുത്തി. അന്ന് സ്കൂൾ ഫീസായി 16 രൂപ അടയ്ക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. സ്കൂൾ വരാന്തയിൽ ഇറക്കിനിറുത്തിയ ദിവസങ്ങളുണ്ട്. ഒടുവിൽ പഠനം ഉപേക്ഷിച്ച്ചേട്ടൻ പഠിപ്പിച്ച തുന്നൽ ജോലികളുമായി ഒതുങ്ങിക്കൂടുകയായിരുന്നു.
പഠിക്കാനുള്ള മോഹം സാക്ഷാത്കരിക്കപ്പെടുന്നു. ജോലി കിട്ടേണ്ട പ്രായമൊക്കെ കഴിഞ്ഞു. അങ്ങനെയൊരു ചിന്തയേയില്ല. ഡിഗ്രി കഴിഞ്ഞാൽ പി.ജിക്ക് ചേരും
ഷേർലി അജയൻ