പത്തനാപുരം: കാലിൽ വ്രണവുമായി അഭയം തേടിയെത്തിയ വൃദ്ധയെ ഗാന്ധിഭവൻ ഏറ്റെടുത്തു. പുനലൂർ മാത്ര സ്വദേശിയായ ഭവാനി(70)ക്കാണ് ഗാന്ധിഭവൻ തുണയായത്. പ്രമേഹം മൂർച്ഛിച്ച് ഇടതുകാലിലെ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത അവസ്ഥയിലാണ്. നടക്കാൻ പ്രയാസമുണ്ട്. ഒരു മകളുണ്ടെന്നും ഒന്നരസെന്റ് വസ്തുവിലെ കൂരയിൽ നിത്യജീവിതത്തിനുപോലും പ്രയാസപ്പെടുന്ന മകൾക്കും കുടുംബത്തിനും തന്നെ സംരക്ഷിക്കാനാവില്ലെന്നും ഭവാനി പറയുന്നു. മതിയായ ആഹാരവും ചികിത്സയും ലഭിക്കാത്തതിനാൽ ക്ഷീണിതയായ ഭവാനിയെ ഗാന്ധിഭവനിലെത്തിക്കാൻ നാട്ടുകാരും വാർഡ് മെമ്പർ ഗോപിയും തീരുമാനിച്ചെങ്കിലും അതിനു കാത്തുനിൽക്കാതെ ഭവാനി തനിയേ ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു. വലിയവായിൽ കരഞ്ഞുകൊണ്ട് ഒരു ഓട്ടോയിൽ ഗാന്ധിഭവനിലെത്തിയ ഭവാനിയെ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം വൈസ് ചെയർമാൻ പി.എസ്. അമൽരാജിന്റെ നേതൃത്വത്തിൽ സേവനപ്രവർത്തകർ ചേർന്ന് ഏറ്റെടുത്തു.