കൊല്ലം: ഇന്ത്യയുടെ വെളിച്ചം ഊതിക്കെടുത്തിയ ശേഷമാണ് പ്രാണപ്രതിഷ്ഠ ദിനത്തിൽ വീടുകളിൽ വിളക്ക് കൊളുത്താൻ മോദി പറയുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രവാസി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിന്നക്കട ബസ്‌ബേയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി പറഞ്ഞാൽ തിരികൊളുത്താൻ കേരളത്തിന് മനസില്ല. നമ്മുടെ എല്ലാം ഹൃദയത്തിൽ തിരിയുണ്ട്. മനസിൽ വെളിച്ചമുണ്ട്. ആ വെളിച്ചം നാടിന്റെ വെളിച്ചമാണ്. ജീവിതത്തിലാകെ ഇരുട്ട് പരത്തിയിട്ടാണ് വീടുകളിൽ തിരി തെളിക്കാൻ പറയുന്നത്. ജനങ്ങളുടെ കണ്ണ് കെട്ടാൻ വേണ്ടിയുള്ള കാപട്യത്തിന്റെ വെളിച്ചമാണത്. ഇന്ത്യയ്ക്ക് ആ വെളിച്ചം ഭൂഷണമല്ല. അയോദ്ധ്യ ക്ഷേത്രത്തിന്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അയോദ്ധ്യയിലെ ചടങ്ങിലേക്കുള്ള ക്ഷണം ചിലർക്ക് അങ്കലാപ്പുണ്ടാക്കുന്നു. ചില പാർട്ടികൾ ചാഞ്ചാടുന്നു. ഇടത് പാർട്ടികൾക്ക് കിട്ടിയ ക്ഷണം നിരസിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പക്ഷേ കോൺഗ്രസിന് ഗോഡ്‌സെയുടെ പാർട്ടി ക്ഷണിച്ചപ്പോൾ ചാഞ്ചാട്ടമുണ്ടായി. ബി.ജെ.പിയുടെ കാപട്യം തിരിച്ചറിയുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നു. കോൺഗ്രസ് പലപ്പോഴും ഗാന്ധിജിയെ മറക്കുന്നു. ബി.ജെ.പി ഹിന്ദുമതത്തെയും വിശ്വാസികളെയും വർഗീയ വത്ക്കരിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാക്കി ബി.ജെ.പി അയോദ്ധ്യ വിഷയത്തെ മാറ്റി. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം ആർ. രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ലാലു, ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് സാം കെ.ഡാനിയേൽ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. വിജയകുമാർ, ഹണി, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ സംസാരിച്ചു. പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാൻ നിലമേൽ സ്വാഗതവും യു.ഷമീർ നന്ദിയും പറഞ്ഞു. ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി. സുനീർ റിപ്പോർട്ട് അവതരിപ്പിക്കും. സത്യൻ മൊകേരി, കെ. രാജു, എം.എസ്. താര, ഡോ. ജിനു സക്കറിയ ഉമ്മൻ എന്നിവർ സംസാരിക്കും. സംഘാടക സമിതി ജനറൽ കൺവീനർ ജി. ലാലു സ്വാഗതവും റഷീദ് മൈനാഗപ്പള്ളി നന്ദിയും പറയും.