ഹരിത ടൂറിസം പദ്ധതിക്ക് ജില്ലയിൽ ഉടൻ തുടക്കമാകും
കൊല്ലം: പ്രകൃതി സൗന്ദര്യം നിലനിറുത്തി ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കുതകുന്ന തരത്തിലുള്ള ടൂറിസം വികസനവും തദ്ദേശ വാസികൾക്ക് മികച്ച വരുമാനവും ലക്ഷ്യമാക്കി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിത ടൂറിസം പദ്ധതിക്ക് ജില്ലയിൽ ഉടൻ തുടക്കമാകും.
തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, ഡി.ടി.പി.സി, ടൂറിസം, വനം വകുപ്പുകളുമായി ചേർന്ന് ആദ്യഘട്ടത്തിൽ ജില്ലയിലെ 9 കേന്ദ്രങ്ങളിലാകും പദ്ധതി നടപ്പാക്കുക. ഇതോടെ ടൂറിസം മേഖലയും വിനോദ സഞ്ചാരകേന്ദ്രങ്ങളും അവിടേക്കുള്ള വഴികളും ഹരിത പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിലാകും. തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ മാർഗരേഖകളുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ നിർവഹണം. നവകേരളം പദ്ധതിയുടെ ഭാഗമായിയാണ് ജില്ലയിലും ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിലെ 9
ഹരിത ടൂറിസം കേന്ദ്രങ്ങൾ
മൺറോത്തുരുത്ത്
ചക്കുവള്ളിച്ചിറ
ഇടമുളയക്കലിലെ ചെമ്പകരാമനല്ലൂർ
ആദിച്ചനല്ലൂർചിറ
തെന്മല, ചിയാൻകുളം
ചിറ്റുമലച്ചിറ
മാറ്റിടാംപാറ
ഉളവുകോട് പാറക്വാറി
രണ്ടാം ഘട്ടത്തിൽ
ചിതറ, തൃക്കരുവ പഞ്ചായത്തുകൾ
കൊല്ലം കോർപ്പറേഷൻ
കൊട്ടാരക്കര മുൻസിപ്പാലിറ്റി
സംസ്ഥാനത്താകെ (ആദ്യഘട്ടത്തിൽ): 74 കേന്ദ്രങ്ങൾ
പ്ളാസ്റ്റിക്ക് പടിക്ക് പുറത്ത്
ശുദ്ധമായ കുടിവെള്ള ലഭ്യത, ജലസ്രോതസുകളുടെ സംരക്ഷണം, മാലിന്യസംസ്കരണം, ഊർജസംരക്ഷണം തുടങ്ങിയവ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്. വന സംക്ഷണസമിതകികളുടെ നേതൃത്വത്തിൽ, തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളോട് ചേർന്ന് മാലിന്യങ്ങൾ തടയാനായി കിയോസ്‌ക്കുകൾ സ്ഥാപിക്കും. മാലിന്യസംസ്‌കരണ സംവിധാനവും ഉറപ്പാക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കും. ഓരോമാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കും .മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനും പ്ലാസറ്റിക് ഉപഭോഗം കുറയക്കുന്നതുമായി ബോധവത്ക്കരണ സന്ദേശങ്ങളും ഹരിതകേന്ദ്രങ്ങളിൽ സ്ഥാപിക്കും. നിരോധിത പ്ലാസറ്റിക്കുകൾ അനുവദിക്കില്ല.
ഹരിത ടൂറിസം കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും ഹരിത കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താൻ സംവിധാനമൊരുക്കും
ഹരിത കേരളമിഷൻ അധികൃതർ
.