വായ്പ നൽകും, ഗ്യാരണ്ടി നിൽക്കും
കൊല്ലം: വനിതകൾ ഡ്രൈവറും കണ്ടക്ടറും കിളിയുമായുള്ള സ്വകാര്യ ബസ് സർവീസുകൾ ആരംഭിക്കാൻ ബസ് വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകാൻ ജില്ലാ പഞ്ചായത്ത്. ഗ്രൂപ്പുകൾ എടുക്കുന്ന വായ്പയ്ക്ക് ജില്ലാ പഞ്ചായത്ത് ഗ്യാരണ്ടി നിൽക്കുന്നതിനൊപ്പം സബ്സിഡിയും നൽകും. ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ കരട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നൂതന ആശയം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ നടപ്പാക്കും.
ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയുള്ള വനിതകളുടെ ഗ്രൂപ്പുകൾക്കാകും സാമ്പത്തിക സഹായം നൽകുക. ഡ്രൈവർമാരായി പുരുഷന്മാരെ നിയോഗിക്കുന്നതിന് തടസമുണ്ടാകില്ല. ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ച ശേഷം പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖ തയ്യാറാക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു ബ്ലോക്കിൽ പദ്ധതി നടപ്പാക്കും. തുടർന്ന് എല്ലാ ബ്ലോക്കിലും ഓരോ ഷീ ബസ് സർവീസുകളെങ്കിലും ആരംഭിക്കുകയാണ് ലക്ഷ്യം. മോശമല്ലാത്ത വരുമാനം ഉറപ്പുള്ള പെർമിറ്റ് ലഭിക്കാൻ മോട്ടോർ വാഹന വകുപ്പിൽ ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടാകും. തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീയുമായി ചേർന്ന് പദ്ധതി നടപ്പാക്കാനും നീക്കമുണ്ട്. വിജകരമായാൽ അടുത്ത സാമ്പത്തിക വർഷം വനിതകളുടെ നേതൃത്വത്തിലുള്ള ടൂറിസ്റ്റ് ബസ് സർവീസ് പദ്ധതിക്കും ആലോചനയുണ്ട്. ഈ സാമ്പത്തിക വർഷം സ്ത്രീകൾക്ക് കമ്പ്യൂട്ടർ ഗ്രാഫിക്സ്, ആനിമേഷൻ എന്നീ കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകും.
വയോധികർക്ക് വിനോദയാത്ര
പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങളുടെ മാനസികോല്ലാസത്തിന് വിനോദയാത്ര സംഘടിപ്പിക്കാനും ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി പരമാവധി ആളുകളെ വിനോദയാത്രയുടെ ഭാഗമാക്കും.