ഭൂവുടമകളുമായി​ ചർച്ച പുരോഗമി​ക്കുന്നു

കൊല്ലം: കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായി​ ബൃഹത്തായ ഐ.ടി പാർക്ക് സ്ഥാപിക്കാൻ ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് മേവറത്തെ ഭൂ ഉടമകളുമായി നിർവഹണ ഏജൻസിയായ കെ.എസ്.ആർ.ടി.ഐ.എൽ ചർച്ച നടത്തി. പഴയ ബൈപ്പാസിന്റെ ഓരത്ത് സ്വകാര്യ ആശുപത്രിയോട് ചേർന്നുള്ള ഭൂമി ഏറ്റെടുക്കാനാണ് ചർച്ച നടക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ ചട്ട പ്രകാരമായിരിക്കും സ്ഥലം ഏറ്റെടുക്കുന്നത്. എതിർപ്പുകൾ ഒഴിവാക്കാനാണ് ഭൂ ഉടമകളുമായി പ്രരംഭ ചർച്ചകൾ നടത്തുന്നത്. തഴുത്തല വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള ഈ പ്രദേശത്തെ, ഒഴി‌ഞ്ഞുകിടക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ഐ.ടി വകുപ്പ് റവന്യു വകുപ്പിനോട് ആരാഞ്ഞിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ 20 ഏക്കറോളം ഏറ്റെടുക്കും. പിന്നീട് ഘട്ടംഘട്ടമായി 25 ഏക്കർ കൂടി ഏറ്റെടുക്കാനാണ് ആലോചന. കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടതില്ലെന്നതിന് പുറമേ പിന്നീട് ഏറ്റെടുക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ സ്ഥലം ഒഴിഞ്ഞുകിടക്കുന്ന പ്രദേശം എന്ന നിലയിലാണ് മേവറത്തെ ഭൂമി പരിഗണിക്കുന്നത്.

ഇതി​നു പുറമേ മറ്റ് രണ്ടിടങ്ങൾ കൂടി പരിഗണനയിലുണ്ട്. ഈ പ്രദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത കിഫ്ബി യോഗം സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. പിന്നീട് മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമായിരിക്കും സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങുക. കൂറ്റൻ ഐ.ടി പാർക്കിന് പുറമേ പാരിപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിൽ ദേശീയപാതയ്ക്ക് സമീപം അഞ്ച് മിനി ഐ.ടി പാർക്കുകളും പദ്ധതിയിലുണ്ട്. ഇവയ്ക്കായി 10 മുതൽ 25 ഏക്കർ വരെ വിസ്തീർണമുള്ള 12 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഐ.ടി കോറിഡോർ

കഴക്കൂട്ടം ടെക്നോപാർക്ക് ഫെയ്സ് 3- കൊല്ലം
ചേർത്തല- എറണാകുളം
എറണാകുളം- കൊരട്ടി
കോഴിക്കോട്- കണ്ണൂർ

ജില്ലയിൽ


ഒരു വലി​യ ഐ.ടി പാർക്ക്

അഞ്ച് മിനി ഐ.ടി പാർക്കുകൾ