
കൊല്ലം: പ്രായം കൂടുന്തോറും റഹീന ബീവിയുടെ സ്പോർട്ട്സ് സ്വപ്നങ്ങളുടെ വീര്യം കൂടുകയാണ് . തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അത്ലറ്റിക്സിൽ സജീവമായിരുന്നു. കല്യാണത്തോടെ ഗ്രൗണ്ട് വിട്ടതാണ്. ഇപ്പോൾ 71വയസിൽ പഴയ ചോരത്തിളപ്പ് ഇരച്ചെത്തിയതോടെ ഇന്റർനാഷണൽ അത്ലറ്റിക്സ് മീറ്റുകളിൽ ഉൾപ്പെടെ രാജ്യത്തിനു വേണ്ടി മെഡലുകൾ വാരിക്കൂട്ടുകയാണ് കരുനാഗപ്പള്ളി പടയനാർകുളങ്ങര സ്വദേശി റഹീന.
ആൾ ഇന്ത്യ അസോസിയേഷൻ ഒഫ് സ്പോർട്സ് ഫോർ ഓൾ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ 6ന് നടത്തിയ ഓൾ കേരള സീനിയർ അത്ലറ്രിക് മീറ്രിൽ 3 കിലോമീറ്റർ നടത്തത്തിലും ലോംഗ്ജമ്പിലും വെള്ളിമെഡൽ. ദുബായ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമുൾപ്പെടെ നാലു മെഡലുകൾ.
കരുനാഗപ്പള്ളി 14-ാം ഡിവിഷനിലെ നിർമാല്യം കുടുംബശ്രീയിൽ അംഗമായ ശേഷമാണ് റഹീന വീണ്ടും ഗ്രൗണ്ടിലെത്തിയത്. 70 വയസ് കഴിഞ്ഞവരുടെ ചാമ്പ്യൻഷിൽ അവസരം ലഭിച്ചു. ത്രോ ബോളും ഓട്ടവും നടത്തവും ജാവലിൻ ത്രോയുമെല്ലാം വീണ്ടും പരിശീലിച്ചു. കോഴിക്കോട്ട് സംസ്ഥാന ചാമ്പ്യൻഷിപ്പിലും ഹരിയാനയിൽ ദേശീയ ചാമ്പ്യൻഷിപ്പിലും തുടർന്ന് ദുബായിൽ ഇന്റർനാഷണൽ മീറ്രിലും പങ്കെടുത്തു. അടുത്തമാസം ഹൈദരാബാദിൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്രിനുള്ള തയ്യാറെടുപ്പിലാണ് റഹീന.
ഭർത്താവ് ബഷീറും മക്കളായ ഷാനിലും സുഹാനയും ഒപ്പമുണ്ട്.
മനസിലെന്നും സ്പോർട്സ്
സ്പോർട്സ് കമ്പം ചെറുപ്പത്തിലേയുണ്ട്. പിതാവ് അഹമ്മദ് റാവുത്തറും സഹോദരൻ സെയ്ദ് മുഹമ്മദ് റാവുത്തറുമാണ് പരിശീലിപ്പിക്കാൻ മുൻകൈയെടുത്തത്. മാതാവ് മീരാമോദി അമ്മാൾ ഒപ്പം നിന്നു. സ്കൂൾ കാലത്ത് ക്ലബ് മീറ്റുകളിൽ ഒട്ടുമിക്ക ഇനങ്ങളിലും സമ്മാനങ്ങൾ റഹീനയ്ക്കായിരുന്നു. സഹോദരി നസിം ബീവിയും ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
മനസുണ്ടെങ്കിൽ പ്രായം ഒന്നിനും തടസമല്ല. ജീവിതം വെറുതെ തീർക്കാൻ താത്പര്യമില്ല. സ്പോർട്സിനെ കൈവിടില്ല
റഹീന