
കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ ലെവൽ ക്രോസിന് കുറുകെ ആർ.ഒ.ബി നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ ഇന്നലെ ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ലിടുന്നതിന് മുന്നോടിയായുള്ള സർവേയാണ് തുടങ്ങിയത്. റവന്യു വകുപ്പിന്റെയും കെ.ആർ.ഡി.എല്ലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സർവേ.
ആർ.ഒ.ബിയ്ക്കായി മുണ്ടയ്ക്കൽ, വടക്കേവിള വില്ലേജുകളിൽ നിന്നായി 97.13 ആർസ് ഭൂമി (240.04 സെന്റ് ഭൂമി) ഏറ്റെടുക്കണമെന്നാണ് പ്രാഥമിക കണക്ക്. ഭൂമി ഏറ്റെടുക്കാൻ സർക്കാർ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ സർവേ നമ്പരിൽ നിന്നും എത്ര വീതം ഭൂമിയാണ് കൃത്യമായി ഏറ്റെടുക്കേണ്ടി വരുന്നതെന്നും അതിൽ എത്ര കെട്ടിടങ്ങളുണ്ടെന്നും ഇപ്പോൾ നടക്കുന്ന സർവേയിൽ കണ്ടെത്തും. തുടർന്ന് അതിർത്തി വേർതിരിച്ച് കല്ല് സ്ഥാപിച്ച ശേഷം സാമൂഹ്യ ആഘാത പഠനം നടക്കും. ഭൂവുടമകളുമായുള്ള ചർച്ചകൾക്ക് ശേഷം വില നിശ്ചയിച്ച് നഷ്ട പരിഹാരം വിതരണം ചെയ്യും.
ഒന്നര വർഷത്തിനുള്ളിൽ
നിർമ്മാണം തുടങ്ങും
ആർ.ഒ.ബി നിർമ്മാണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേസുകൾ ഉണ്ടായില്ലെങ്കിൽ ഒന്നരവർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. സാമൂഹ്യാഘാത പഠനം, വിലനിർണയം, ഭൂവുടുമകളുടെ ഹിയറിംഗ് തുടങ്ങിയ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഏകദേശം ഒന്നേകാൽ വർഷം വേണ്ടി വരും.
എസ്റ്റിമേറ്റ് പുതുക്കണം
എസ്.എൻ കോളേജ് ആർ.ഒ.ബിയുടെ നിലവിലെ എസ്റ്റിമേറ്റ് 2018ൽ തയ്യാറാക്കിയതാണ്. അതുകൊണ്ട് തന്നെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമ്പോൾ ഈ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം ടെണ്ടർ ചെയ്യാനാകില്ല. ആർ.ഒ.ബിയുടെ ജി.എ.ഡിക്കുള്ള അനുമതി റെയിൽവേ നീട്ടിയത് കാരണമാണ് സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ പ്രതിസന്ധിയിലായത്. 2019 മാർച്ചിൽ ജി.എ.ഡി അനുമതിക്കായി റെയിൽവേക്ക് സമർപ്പിച്ചെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലിലാണ് അംഗീകാരം ലഭിച്ചത്.
സ്ഥലമേറ്രെടുക്കൽ ഉൾപ്പടെയുള്ള പദ്ധതി ചെലവ്: 44.46 കോടി (2021ലെ കണക്ക്)
അപ്രോച്ച് റോഡ് സഹിതം ആർ.ഒ.ബിയുടെ നീളം: 554.38 മീറ്റർ
വീതി- 10.2മീറ്റർ