ഏഴു മാസത്തിനിടെ അഞ്ചിരട്ടി വർദ്ധന

കൊല്ലം: കൊറി​യർ രംഗത്ത് പി​ച്ചവച്ചു തുടങ്ങി​യ കെ.എസ്.ആർ.ടി​.സി​ ഏഴു മാസത്തി​നി​ടെ ഇടപാടി​ൽ കൈവരി​ച്ചത് അഞ്ചി​രട്ടി​യി​ലേറെ വർദ്ധന. ഇതി​നോടകം 40 ലക്ഷം രൂപയാണ് ഈ ഇനത്തി​ൽ ജി​ല്ലയി​ൽ നി​ന്ന് ആനവണ്ടി​​ സ്വന്തമാക്കി​യത്.

ഇതുവരെ രണ്ട് ലക്ഷത്തിനടുത്ത് കൊറിയറുകളും പാഴ്‌സലുകളുമാണ് വിവിധ ജില്ലകളിലെ കളക്ഷൻ സെന്ററുകളിലേക്ക് അയച്ചത്. ഏഴ് മാസത്തിനിടെ ജില്ലയിലെ കൗണ്ടറുകളിലേക്കെത്തിയ പാഴ്‌സലുകളുടെയും കൊറിയറുകളുടെയും എണ്ണം രണ്ട് ലക്ഷത്തിന് മുകളിൽ വരും.

കഴിഞ്ഞ ജൂണിലാണ് സംസ്ഥാന വ്യാപകമായി കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് ആരംഭിച്ചത്. സംസ്ഥാനതല കൊറിയർ, പാഴ്‌സൽ വരുമാനത്തിൽ അഞ്ചാം സ്ഥാനത്താണ് ജില്ല. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് ഒന്നും രണ്ടും സ്ഥാനത്ത്. കൊറിയർ സർവീസ് തുടങ്ങിയ ആദ്യമാസങ്ങളിൽ രണ്ടു ലക്ഷം രൂപയായിരുന്നു ജില്ലയിലെ കളക്ഷൻ സെന്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊല്ലം ഡിപ്പോയിൽ മാത്രം മിക്ക ദിവസങ്ങളിലും രണ്ട് ലക്ഷത്തി​നു മുകളിലാണ് വരുമാനം.

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ എത്തിക്കാമെന്നതും മറ്റ് കൊറിയർ സർവീസുകളേക്കാൾ 30 ശതമാനംവരെ നി​രക്ക് കുറവാണെന്നതുമാണ് ആകർഷണം. ജില്ലയിൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ ഡിപ്പോകളിലാണ് കളക്ഷൻ സെന്ററുകൾ ഉള്ളത്. ജില്ലയിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന എവിടേക്കും കൊറിയറുകളും പാഴ്‌സലുകളും അയയ്ക്കാമെന്നതാണ് കെ.എസ്.ആർ.ടിസി കൊറിയറിന്റെ പ്രത്യേകത.

കേരളത്തി​ന് പുറത്തുമുണ്ട് പി​ടി​!

തെങ്കാശി, നാഗർകോവിൽ, മൈസുരു, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്തിന് പുറത്ത് കെ.എസ്.ആർ.ടി.സിക്ക് കൊറിയർ സെന്ററുകളുള്ളത്. രാവിലെ മുതൽ വൈകിട്ട് വരെ രണ്ട് ജീവനക്കാരും രാത്രിയിൽ ഒരാളുമാകും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകളിലെ ജീവനക്കാർ. എം പാനൽ ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിലാണ് കൗണ്ടറുകളുടെ ചുമതല ഏൽപ്പിക്കുന്നത്.

വേണ്ടത്ര എം പാനൽ ജീവനക്കാരെ ലഭിക്കാത്തതിനാൽ പുതിയ കളക്ഷൻ സെന്ററുകൾ ആരംഭിക്കാനാകാത്ത അവസ്ഥയുമുണ്ട്.


ജില്ലയിൽ നിന്ന് അയയ്ക്കുന്നതിൽ പ്രധാനം

കശുഅണ്ടി, കരകൗശല വസ്തുക്കൾ, കേക്കുകൾ


ജില്ലയിലേക്ക് എത്തുന്നത്

വിവിധതരം മരുന്നുകൾ, കണ്ണാടികൾ, വാഹനങ്ങളുടെ സ്‌പെയർ പാർട്‌സുകൾ, നോട്ടീസുകൾ, പ്രിന്റിംഗ് സാമഗ്രികൾ


ഏഴ്‌ മാസമായി പരാതി രഹിതമായാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് മുന്നോട്ട് പോകുന്നത്. ഡിജിറ്റൽ പണമിടപാട് നടത്താനുള്ള സൗകര്യങ്ങളും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്

കെ.എസ്. ആർ.ടി.സി അധികൃതർ