പരവൂർ: പരവൂർ എസ്.എൻ.വി ജി.എച്ച്.എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എസ്.സാജൻ അദ്ധ്യക്ഷനായി. എസ്.എൻ.വി സമാജം സെക്രട്ടറി ചിത്രാംഗദൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുൻ മന്ത്രിമാരും എസ്.എൻ.വി ജി.എച്ച് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുമായ സി.വി.പത്മരാജൻ, പി.കെ.ഗുരുദാസൻ എന്നിവരെ ആദരിച്ചു. വയലാർ രാമവർമ്മയുടെ കവിത ചൊല്ലി രാഷ്ട്രപതിയുടെ അവാർഡ് നേടിയ പി.എസ്.സുമം, സ്കൂളിലെ ഒമ്പതാം റാങ്ക് കാരിയായിരുന്ന ഡോ.രശ്മി എന്നിവരെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് സുവർണൻ പരവൂർ, പ്രഥമ അദ്ധ്യാപിക പ്രീത എന്നിവർ സംസാരിച്ചു. സമാജം വൈസ് പ്രസിഡന്റ് ശശിധരപണിക്കർ നന്ദി പറഞ്ഞു. തുടർന്ന് എൻഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.