tony


കൊല്ലം: ഉത്സവവുമായി ബന്ധപ്പെട്ട് ദീപലങ്കാര ജോലി ചെയ്യുകയായിരുന്നയാളെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കാരംകോട്, ചരുവിള വീട്ടിൽ സിജോ എന്ന ടോണി ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 12 നാണ് കേസിനാസ്പദമായ സംഭവം. ദീപാലങ്കാര പണികൾ ചെയ്യുകയായിരുന്ന വൈശാഖിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. പ്രതിയായ ടോണിയും സുഹൃത്തും ഉത്സവസ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റിക്കാർ ഇടപെടുകയും പ്രതികളെ തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു. വൈശാഖ് ഉൾപ്പെട്ട സംഘമാണ് തടഞ്ഞുവച്ചത് എന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ വൈശാഖിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ വൈശാഖിന്റെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചു. തുടർന്നു പാരിപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ടോണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഇതിനുമുൻപും സമാനരീതിയിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പാരിപ്പള്ളി ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐ അശോക് കുമാർ, ആന്റണി, എ.എസ്.ഐ അഖിലേഷ്, സി.പി.ഒ രവിശങ്കർ, പ്രബോധ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.