തൊടിയൂർ: വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനുമുള്ള ശ്രീ നാരായണ ഗുരുവിന്റെ ആഹ്വാനം കേരളത്തിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്ന് എ.എം.ആരിഫ് എം.പി.പറഞ്ഞു. വിദ്യാർത്ഥികൾ ചരിത്രം അറിയണമെന്നില്ല, എന്നാൽ ചരിത്രം അറിയുന്നത് നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് എസ്.എൻ. ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ മാനേജ്മെന്റിന് കീഴിൽ കല്ലേലിഭാഗത്ത് പ്രവർത്തിക്കുന്ന എസ്.എൻ.ടി.ടിഐയ്ക്ക് നൽകിയ
കമ്പ്യൂട്ടർ യൂണിറ്റിന്റെ ഉദ്ഘാടനവും പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് നേടിയ ജയചന്ദ്രൻ തൊടിയൂരിനെ ആദരിക്കുന്ന ചടങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം.പി. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ടി.ടി.ഐ മാനേജരും യൂണിയൻ പ്രസിഡന്റുമായ കെ.സുശീലൻ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ എ .എം.ആരീഫ് എം.പിയെ ആദരിച്ചു.
യൂണിയൻ കൗൺസിലർ ബിജു രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗം പി.ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടറി ആർ.സിന്ധു, സ്റ്റാഫ് പ്രതിനിധി ആർ.ബിനു, വിദ്യാർത്ഥി പ്രതിനിധി ഹാജിറ എന്നിവർ സംസാരിച്ചു.
ടി.ടി.ഐ പ്രിൻസിപ്പൽ എസ്.കെ.സ്മിത നന്ദി പറഞ്ഞു. ടി.ടി.ഐ വിദ്യാർത്ഥി അനന്തവിഷ്ണു അവതരിപ്പിച്ച നൃത്തത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.