
കൊല്ലം: പിന്നാക്ക- ദലിത്- ന്യൂനപക്ഷങ്ങളുടെ സ്ഥിതിവിവര കണക്കുകൾ ശേഖരിച്ച് അവരുടെ ഉന്നമനത്തിനാവശ്യമായ ശുപാർശകൾ സമർപ്പിക്കാൻ ദേശീയ പിന്നാക്ക സമുദായ കമ്മിഷനെ നിയമിക്കണമെന്ന് എൻ.യു.ബി.സിയുടെ (ദേശീയ പിന്നാക്ക സമുദായ യൂണിയൻ) പൂനയിൽ ചേർന്ന ദേശീയസമ്മേളനം ആവശ്യപ്പെട്ടു.
എൻ.യു.ബി.സി മഹാരാഷ്ട്ര സംസ്ഥാന ഘടകം പൂനെ മൗലന അബ്‌ദുൽകലാം ആസാദ് സ്‌മാരക ഹാളിൽ സംഘടിപ്പിച്ച സമ്മേളനം എൻ.യു.ബി.സിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനും ഡൽഹി സ്റ്റേറ്റ് പിന്നാക്ക സമുദായ കമ്മിഷൻ ചെയർമാനുമായ ജഗദീഷ് യാദവ് ഉദ്ഘാടനം ചെയ്തു. ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എസ്.സുവർണ കുമാർ അദ്ധ്യക്ഷത വഹിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ജാതി തിരിച്ചുള്ള സെൻസസ് എടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി ജനറൽ ഗീഥാചൗധരി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.യു.ബി.സി രക്ഷാധികാരി ഡോ.കുളന്തവേല (തമിഴ്‌നാട്), മഹാരാഷ്ട്ര പ്രസിഡന്റ് കെ.എച്ച്. പവാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.യു.ബി.സി കേരള പ്രസിഡന്റ് പുന്നാവൂർ അശോകൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.