photo
നവീകരിച്ച വാളകം പൊലിക്കോട് ചിറ നാടിന് സമർപ്പിക്കാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ

കൊട്ടാരക്കര: പായലും മാലിന്യവും നീങ്ങി തെളിനീർ നിറഞ്ഞു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ വാളകം പൊലിക്കോട് ചിറക്ക് ശാപമോക്ഷമായി. നവീകരിച്ച ചിറ മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു. എം.സി റോഡരികിലുള്ള ചിറ ഏറെക്കാലമായി മാലിന്യം നിറഞ്ഞും സംരക്ഷണ ഭിത്തികൾ ഇടിഞ്ഞുതള്ളി കരമണ്ണിടിഞ്ഞിറങ്ങിയും തീർത്തും നശിച്ചുകിടന്നതാണ്. വേനൽക്കാലത്തുപോലും നാടിന് അനുഗ്രഹമായിരുന്നു പണ്ട് ഈ ചിറ. സംരക്ഷണമില്ലാതെ നശിച്ചതോടെ നാടിന് ദുരിതവുമായി. ചിറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിയോട് അഭ്യർത്ഥിച്ചപ്രകാരമാണ് ചെറുകിട ജലസേചന വകുപ്പ് തയ്യാറാക്കിയ പദ്ധതിപ്രകാരം 44 ലക്ഷം രൂപ അനുവദിച്ചത്. ഗ്രാമീണ ജലസ്രോതസുകൾ സംരക്ഷിക്കുന്ന പദ്ധതിയിലാണ് ചിറയുടെ നവീകരണം ഉൾപ്പെടുത്തിയത്.

ചെളികോരി വശങ്ങൾ കെട്ടി സംരക്ഷിച്ചു

ചിറയിലെ വെള്ളം പൂർണമായും വറ്റിച്ച് ചെളി കോരിമാറ്റി. അടിസ്ഥാനം ഉൾപ്പടെയുള്ള കൽക്കെട്ടുകൾ പൊളിച്ചുനീക്കി. തുടർന്നാണ് നിർമ്മാണ ജോലികൾ തുടങ്ങിയത്. 30 മീറ്റർ നീളത്തിലും 23 മീറ്റർ വീതിയിലും പത്ത് അടി ഉയരത്തിലും കരിങ്കല്ലുകൾ അടുക്കി സംരക്ഷണ ഭിത്തികളൊരുക്കി. കൽപ്പടവുകൾ, റാമ്പ്, കലുങ്ക്, ഡ്രെയിനേജ് സംവിധാനം, വശങ്ങളിൽ സുരക്ഷാ കൈവരികൾ എന്നിവയൊരുക്കി. 54 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും ഇന്റർലോക്ക് പാകിയ നടപ്പാത നിർമ്മിച്ച് ചിറയ്ക്കും പരിസരത്തിനും സൗന്ദര്യവത്കരണവും നടത്തി.

മന്ത്രി ഉദ്ഘാടനം ചെയ്തു

നവീകരിച്ച പൊലിക്കോട് ചിറ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെൻസി റെജി, പൊലിക്കോട് മാധവൻ, ഡി.രാജൻ, പി.കെ.ജോൺസൺ, കെ.പ്രതാപകുമാർ, എ.പി.ബിനു, വി.ജെ.സതികുമാരി, കേശവൻ നമ്പൂതിരി, മധുസൂതനൻ പിള്ള, കെ.രാജൻ എന്നിവർ സംസാരിച്ചു.