
കൊല്ലം: പൂയപ്പള്ളി മരുതമൺപള്ളിയിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയ കാൽനടയാത്രക്കാരി കാറിടിച്ച് മരിച്ചു. കശുഅണ്ടി തൊഴിലാളിയായ മരുതമൺപള്ളി തച്ചോണത്ത് ബിജിഭവനിൽ ഗിരിജയാണ് (50) മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന പൂയപ്പള്ളി സോമിൽ ജംഗ്ഷനിൽ ചരുവിളവീട്ടിൽ വിജിയെ (46) ഗുരുതര പരിക്കുകളോടെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15നായിരുന്നു അപകടം.
ഗിരിജയെയും വിജിയെയും ഓയൂരിൽനിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡരികിലെ കുഴിയിലേക്കു വീണ ഗിരിജ തത്ക്ഷണം മരിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. മക്കൾ: ബിജി, ബിനി. മരുമക്കൾ: രാജേഷ്, രജിത്.