കൊല്ലം: പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. അനീഷ്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
ജോലി സംബന്ധമായി മേലുദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം ഉണ്ടായിരുന്നുവെന്ന് ശബ്ദരേഖയിലുണ്ട്. പുറത്ത് പ്രസിദ്ധീകരിക്കാൻ പാടില്ലാത്ത റിപ്പോർട്ടുകൾ മേലുദ്യോഗസ്ഥൻ പരസ്യമാക്കി തന്നെ അപമാനിച്ചുവെന്നാണ് ശബ് രേഖയിലുള്ളത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും താങ്ങാനാകാത്ത സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം രാവിലെ 11.30നാണ് പരവൂർ നെടുങ്ങോലം പോസ്‌റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ അനീഷ്യയെ കണ്ടെത്തിയത്. മാവേലിക്കര കോടതിയിലെ ജഡ്ജ് അജിത്ത്കുമാറിന്റെ ഭാര്യയാണ് അനീഷ്യ. ജോലിസംബന്ധമായ സമ്മർദമാണ് അനീഷ്യയുടെ മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.