പത്തനാപുരം: ആലഞ്ചേരി -ഓന്തുപ്പച്ച റോഡ് നിർമ്മാണത്തിനിടെ പ്രദേശത്തുണ്ടാകുന്ന രൂക്ഷമായ പൊടി ശല്ല്യം പരിഹരിക്കാൻ ആരുമില്ല.ദേശീയപാത അതോറിട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പൊടി ശല്ല്യം ഒഴിവാക്കാനും നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാഹനാപകടങ്ങൾ ഒഴിവാക്കാനും ജോലിക്കാർക്ക് മറ്റ് അപകടങ്ങൾ സംഭവിക്കാതിരിക്കാനും വ്യക്തമായ മാനദണ്ഡങ്ങൾ ഉള്ളപ്പോൾ സംസ്ഥാന പൊതുമരാമത്ത് പണികൾക്ക് ഇക്കാര്യങ്ങളെ കുറിച്ചു കരാറിൽ പരാമർശം പോലുമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റിഫ്ലക്‌ടർ ഉള്ള ജാക്കറ്റുകൾ ധരിച്ചു തൊഴിലാളികൾ നിൽക്കുന്ന കാഴ്‌ച്ചകൾ ദേശീയ ഹൈവേ അതോറിറ്റിയുടെ ജോലികൾക്ക് മാത്രമാണുള്ളത്. പദ്ധതികളുടെ പരിസരത്തുള്ളവർക്ക് പൊടി ശല്ല്യം ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ജോലികൾ പരിസ്ഥിതി സൗഹൃമാക്കാനും അടങ്കൽ തുകയ്‌ക്ക് പുറമെ കിലോമീറ്റർ കണക്കിൽ പ്രത്യേകം തുക അനുവദിക്കാറുണ്ട്.
ഒഴിയാതെ കച്ചവട സ്ഥാപനങ്ങൾ
പണി നടക്കുന്ന ആദ്യ റീച്ചിൽ പുളിഞ്ചിമുക്ക് , പള്ളിമുക്ക് എന്നീ സ്ഥലങ്ങൾക്ക് പുറമെ ഏകദേശം അഞ്ച് സ്ഥലങ്ങളിലെങ്കിലും പൊടി പ്രശ്‌നമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ സമ്മതിക്കുന്നു. പുളിഞ്ചിമുക്കിൽ റവന്യു അധികൃതർ റോഡിന്റെ ആവശ്യത്തിനായി അളന്നു തിരിച്ച പുറമ്പോക്ക് സ്ഥലത്ത് നിന്ന് ഇനിയും ഒഴിയാതെ ചില കച്ചവട സ്ഥാപനങ്ങൾ തുടരുന്നത് നിർമ്മാണ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. കുറെ പേർ മാറിയിട്ടും കുറച്ചു പേർ ഒഴിയാതെ തുടരുന്നു. ഇങ്ങനെ പണി ഇഴയുമ്പോൾ പ്രദേശത്തുകാർ കൂടുതൽ നാൾ പൊടി ശല്ല്യം സഹിക്കേണ്ടി വരുന്നതായി അധികൃതർ പറയുന്നു.
സ്വമേധയ ഒഴിഞ്ഞില്ലെങ്കിൽ എസ്‌റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ നടപടിയിലൂടെ പഴയ കടകൾ പൊളിച്ചാൽ ആ ചെലവ് കടയുടമസ്ഥർ തന്നെ വഹിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു.
ഓട നിർമ്മാണം
മൂന്ന് മുതൽ നാല് അടി വരെ റോഡ് ഉയർത്തിയുള്ള നിർമ്മാണ പ്രവർത്തനമാണ് ഇപ്പേൾ നടക്കുന്നത്. മതിയായ ഓടകൾ ഇല്ലെങ്കിൽ പുതിയ റോഡിന്റെ ആയുസിനെ ബാധിക്കുമെന്നതിനാൽ ആ പ്രവൃത്തിയും മണ്ണ് മൂടിയടഞ്ഞ കലുങ്കുകളുടെ നിർമ്മാണവും നടക്കുന്നു. പുളിഞ്ചി ജംഗ്‌ഷനിലെ ഓട നിർമ്മാണത്തിന് തടസമായി നിൽക്കുന്ന പുറമ്പോക്കിൽ വ്യക്തികൾ നിർമ്മിച്ച കടകളും മതിലുകളും പൊളിച്ചാൽ റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാകുമെന്ന് കരാർ കമ്പനിയും പ്രത്യാശ പ്രകടിപ്പിച്ചു.