
സ്ഥലംമാറ്റുമെന്ന് സി.പി.എം അഭിഭാഷകന്റെ ഭീഷണി
കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ആത്മഹത്യ ചെയ്തത് ക്രൂരമായ മാനസിക പീഡനത്തെ തുടർന്നെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. മറ്റൊരു എ.പി.പിക്കെതിരെ വിവരാവകാശ അപേക്ഷ കൊടുത്തത് അനീഷ്യയാണെന്ന ധാരണയിൽ സി.പി.എം നേതാവായ അഭിഭാഷകൻ കാസർകോട്ടേക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുയർന്നു.
പ്രതിഷേധം ശക്തമായതോടെ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ഷീബയ്ക്ക് നിർദ്ദേശം നൽകി.
ചില സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥനിൽ നിന്നുമുള്ള പീഡനങ്ങൾ സംബന്ധിച്ച അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. മാനസികപീഡനം വിശദീകരിച്ച് വനിതാ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യയ്ക്ക് മുമ്പ് അനീഷ്യ ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നു.
തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി. മറ്റുള്ളവരുടെ മുന്നിൽവച്ച് അധിക്ഷേപിച്ചു. അവർ പറയുന്ന കാര്യങ്ങൾക്ക് വഴങ്ങാത്തതാണ് വൈരാഗ്യത്തിന് കാരണം. ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ തന്റെ മൊബൈലിലുണ്ട്. നന്നായി ജോലി ചെയ്തിട്ടും അപമാനിച്ചു. ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് എ.പി.പി ഉദ്യോഗം നേടിയതെന്നും ശബ്ദസന്ദേശത്തിൽ അനീഷ്യ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.
നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം പ്രശാന്തിയിൽ എസ്.അനീഷ്യയെ കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.30നാണ് കുളിമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൽ.എൽ.ബി ഉയർന്ന മാർക്കോടെ പാസായ അനീഷ്യ ഒൻപത് വർഷം മുമ്പാണ് എ.പി.പിയായത്. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത്ത്‌കുമാറാണ് ഭർത്താവ്.
ശബ്ദസന്ദേശം
മജിസ്ട്രേട്ടിനും
അനീഷ്യയുടെ മുറിയിൽ നിന്ന് പരവൂർ പൊലീസ് ആത്മഹത്യാക്കുറിപ്പ് എഴുതിയ ഡയറി കണ്ടെടുത്തു
മാനസിക പീഡനം, പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ 19 പേജുള്ള കുറിപ്പിലുണ്ട്
ആത്മഹത്യ ചെയ്യും മുമ്പ് പരവൂർ മജിസ്ട്രേട്ടിനും അനീഷ്യ ശബ്ദസന്ദേശം അയച്ചെന്ന് ബന്ധുക്കൾ
അനീഷ്യയുടെ മൊബൈൽ ഫോൺ പരവൂർ സി.ഐ നിസാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചു
ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ ഫോൺ കസ്റ്റഡിയിൽ വാങ്ങും
കുപ്രചാരണം,
പരസ്യഅധിക്ഷേപം
അനീഷ്യയും പരവൂർ കോടതിയിലെ മറ്റൊരു എ.പി.പിയും തമ്മിൽ ജോലി സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അനീഷ്യ ഇയാൾക്കെതിരെ പരാതി നൽകി. ഇതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അനീഷ്യയ്ക്കെതിരെ തിരിഞ്ഞു. ഇവർ പലതരത്തിൽ അനീഷ്യയെ സമ്മർദ്ദത്തിലാക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥയെന്ന് കുപ്രചാരണവും നടത്തി. ഇതിനിടെ അനീഷ്യയ്ക്ക് എതിർപ്പുള്ള ഉദ്യോഗസ്ഥനെതിരെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷന് വിവരാവകാശ അപേക്ഷ ലഭിച്ചു. ഇതിനു പിന്നിൽ അനീഷ്യയാണെന്ന കുപ്രചാരണമുണ്ടായി. കഴിഞ്ഞ 19ന് കൊല്ലത്ത് വിളിച്ചുചേർത്ത ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ പരസ്യമായി വായിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഇതാണ് അനീഷ്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ബന്ധുക്കൾ പറയുന്നു.
''സത്യത്തിന് വിലയില്ല,
പിന്നെന്തിന് ജീവിക്കണം''
അനീഷ്യ വനിതാ അഭിഭാഷകർക്ക് അയച്ച ശബ്ദസന്ദേശത്തിന്റെ പൂർണ രൂപം: ''ഏറെ കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. ഞങ്ങൾ രണ്ടുപേരുടെയും കുടുംബം സമ്പന്നരല്ല. സന്തോഷങ്ങളെല്ലാം ത്യജിച്ച് പഠിച്ചാണ് ഞങ്ങൾ രണ്ടുപേരും ജോലി വാങ്ങിയത്. ഇന്നുവരെ സത്യത്തിനെതിരെ നിന്നിട്ടില്ല. അനീതിക്ക് കൂട്ടുനിന്നിട്ടില്ല. ചെയ്യുന്ന കാര്യങ്ങൾ നൂറ് ശതമാനം ശരിയായിരിക്കണമെന്ന് എനിക്കുണ്ട്. ആരെയും മനപൂർവം ഉപദ്രവിക്കാൻ പോയിട്ടില്ല. ജീവിച്ചിരിക്കേണ്ടെന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിൽ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. അച്ഛനും അമ്മയ്ക്കും അസുഖങ്ങളുണ്ട്. എനിക്ക് ജോലി ചെയ്യാൻ പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഒരാൾക്ക് ലീവെടുക്കാതെ ഓഫീസിൽ വരാതിരിക്കാനുള്ള സഹായം ചെയ്തുകൊടുക്കാത്തതിന് മറ്റുള്ളവരുടെയെല്ലാം മുന്നിൽ വച്ച് എന്നെ അപമാനിച്ചു. ഈ നശിച്ച ലോകത്ത് ഞാൻ എന്തിന് ജീവിക്കണം. സത്യത്തിനും നീതിക്കും വിലയില്ലാത്തിടത്ത്. രാവിലെ അഞ്ച് മണിക്ക് ജോലി തുടങ്ങുന്നതാ. എന്റെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ആരുമില്ല. അന്യായത്തിന് വേണ്ടിയാണ് എല്ലാവരും കൂട്ടുനിൽക്കുന്നത്. എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. സോറി....""
ഇടപെട്ട് വനിതാ കമ്മിഷൻ
കൊല്ലം: അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയതായി വനിതാ കമ്മിഷനംഗം ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൊഴി കൊടുത്തെന്നും രേഖകൾ പൊലീസിന് കൈമാറിയിയെന്നും അനീഷ്യയുടെ ഭർത്താവ് പറഞ്ഞു.
അന്വേഷണ റിപ്പോർട്ട്
രണ്ടാഴ്ചയ്ക്കകം
കൊച്ചി: എസ്. അനീഷ്യയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ കെ. ഷീബ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ടി.എ. ഷാജിയുടെ ഉത്തരവ്.
വാർത്തകളുടെയും അനീഷ്യയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ ഇടപെടൽ. അനീഷ്യയ്ക്ക് ജോലി ചെയ്യാനാകാത്ത സാഹചര്യമായിരുന്നെന്ന ആരോപണവും പരിശോധിക്കും. സഹപ്രവർത്തകരിൽ നിന്നോ മേലധികാരികളിൽ നിന്നോ മോശം പെരുമാറ്റം നേരിട്ടിരുന്നോയെന്നും അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട വാർത്തകളും ഓഡിയോ ക്ലിപ്പുകളും കെ. ഷീബയ്ക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.