കൊല്ലം: അറ്രകുറ്റപ്പണിക്ക് അടച്ച ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ രണ്ടുമാസം കഴിഞ്ഞിട്ടും തുറന്നില്ല. ഡിസംബറിൽ പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ ആരംഭിച്ച അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഇനിയും ഒന്നരമാസം വേണമെന്നാണ് കരാറുകാരൻ പറയുന്നത്.

ശസ്ത്രക്രിയകളടക്കം മുടങ്ങി നൂറ് കണക്കിന് പാവങ്ങൾ പ്രതിസന്ധിയിലായിട്ടും അധികൃതർ കാര്യമായ ഇടപെടലുകൾക്കും തയ്യാറാകുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. നവംബറിൽ നടപടികൾ ആരംഭിച്ചെങ്കിലും ഡിസംബർ ആദ്യ ആഴ്ചയാണ് പണികൾ തുടങ്ങിയത്. ഫെബ്രുവരിയിൽ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ മാർച്ചോടെ മാത്രമേ പണി പൂ‌ർത്തിയാവുകയുള്ളുവെന്നാണ് കരാറുകാരൻ പറയുന്നത്. ടൈൽസ് പാകലും വയറിംഗും ഉൾപ്പെടെയുള്ള ജോലികൾ ബാക്കിയാണ്.

മാർച്ച് വരെ രോഗികൾ ദുരിതത്തിൽ

 ഓപ്പറേഷൻ തീയേറ്റർ അടച്ചിട്ടതോടെ രോഗികൾ ദുരിതത്തിൽ

 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ കാൻസർ രോഗികളും

 ശസ്ത്രക്രിയ വൈകുന്നത് രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം

 ഒരു ദിവസം പത്ത് മുതൽ പതിനഞ്ച് വരെയും ഒരേ സമയം ആറുവരെയും ശസ്ത്രക്രിയകളാണ് നടന്നിരുന്നത്

 അടിയന്തര ശസ്ത്രക്രിയകൾക്ക് റഫർ ചെയ്യുന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മറ്റ് സർക്കാർ ആശുപത്രികളിലേക്കും

ആകെ ചെലവ് - ₹ 50 ലക്ഷം

സാമ്പത്തികനില പരുങ്ങലിൽ

നവീകരണം താമസിക്കുന്നത് ആശുപത്രിയുടെ സാമ്പത്തിക നിലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കാരുണ്യ അടക്കമുള്ള ആനുകൂല്യങ്ങളിൽ നിന്നുള്ള വരുമാനം ശാസ്ത്രക്രിയ ഇല്ലാത്തതിനാൽ കുറഞ്ഞു. ഇക്കാരണത്താൽ പേവാർഡ് എടുക്കുന്നവരുടെ എണ്ണവും ഇടിഞ്ഞു. ഇതോടെ താത്കാലിക ജീവനക്കാരുടെ ശമ്പള വിതരണവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

പി.കെ.ഗോപൻ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഇലക്ട്രിക് വർക്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് അറ്റകുറ്റപ്പണി വൈകിപ്പിച്ചത്. ഇത് പരിഹരിച്ച് ജോലികൾ ആരംഭിച്ചു.

കരാറുകാരൻ