dd
തെക്കുംഭാഗം മിനി ഫിഷിംഗ് ഹാർബറിനായി തറക്കല്ലിട്ട സ്ഥലം കാടുമൂടിയ സ്ഥിതിയിൽ

 ഫയലിൽ കുരുങ്ങി ഹാർബർ നിർമ്മാണം

പരവൂർ: തറക്കല്ലിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും തുടർനടപടികൾ ഫയലിൽ ഉറങ്ങിയതോടെ തെക്കുംഭാഗം മിനി ഫിഷിംഗ് ഹാർബർ മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും സ്വപ്നമായി അവശേഷിക്കുകയാണ്. നീണ്ടകര,​ വാടി, ​ശക്തികുളങ്ങര,​ അഴീക്കൽ ഹാർബറുകൾ കഴിഞ്ഞാൽ ജില്ലയിൽ പുതിയൊരു ഹാർബറിന് അനുയോജ്യമായ സ്ഥലം പരവൂരാണെന്ന പഠനങ്ങളുടെ വെളിച്ചത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹാർബറിനായി സ്ഥലം കണ്ടെത്തി കല്ലിടീൽ പൂർത്തിയായെങ്കിലും നാളിതുവരെ സർവേ പോലും നടന്നിട്ടില്ല.

അനേകർക്ക് പ്രത്യക്ഷമായും പരോക്ഷമായും വൻ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുമായിരുന്ന, പരവൂരിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനാണ് തറക്കല്ലിട്ടത്.

മിനി ഹാർബർ കൂടാതെ കേരളത്തിൽ ആകെ 11 മത്സ്യ ഗ്രാമങ്ങൾ പ്രഖ്യാപിച്ചപ്പോഴും പരവൂരിനോട് അവഗണനയായിരുന്നു. ആയിരത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് നിർദിഷ്‌ട പദ്ധതി പ്രദേശത്തുള്ളത്. ശാസ്‌ത്രീയവും സുരക്ഷിതവുമായ മത്സ്യബന്ധനത്തിന് മാർഗമില്ലാതെ പരമ്പരാഗത മത്സ്യ തൊഴിലാളികൾ ദുരിതത്തിലാണ്. ഹാർബറില്ലാത്തതിനാൽ മത്സ്യബന്ധന മേഖലയിൽ വന്നിട്ടുള്ള ആധുനികവത്കരണത്തിന്റെ ഗുണഭോക്താക്കളാകാൻ ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കാകുന്നില്ല.

അനന്തമായ വികസന സാദ്ധ്യതയാണ് മിനി ഫിഷിംഗ് ഹാർബർ നിലവിൽ വരുന്നതോടെ പരവൂരിന് ഉണ്ടാകുന്നത്. ആയിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളാണ് ഇതിനായി കാത്തിരിക്കുന്നത് അതിനാൽ പദ്ധതി ഇനിയും വൈകരുത്. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണം.
പി.എം.ഹക്കീം,
പരവൂർ നഗര വികസന സമിതി

സമീപ പ്രദേശമായ ചില്ലയ്‌ക്കൽ മിനി ഹാർബർ പദ്ധതിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്.അതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. അടങ്കൽ തുക ഉയർത്തുന്നതിനായി സർക്കാരിന്റെ പരിഗണനയിലാണ്.

ജി.എസ്.ജയലാൽ,

എം.എൽ.എ