ഇന്ന് കോടതി ബഹിഷ്കരിച്ച് അഭിഭാഷകരുടെ പ്രതിഷേധം
കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇന്ന് കോടതികൾ ബഹിഷ്കരിക്കാനും തീരുമാനിച്ചു.
സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും മാനസിക പീഡനവും അധിക്ഷേപവുമാണ് അനീഷ്യയുടെ ആത്മഹത്യയുടെ കാരണമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അരോപണ വിധേയരായ അസി. പബ്ലിക് പ്രോസിക്യൂട്ടറെയും ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷനെയും ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു. ആരോപണ വിധേയനായ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷനെതിരെ അതേ തസ്തികയിൽ തന്നെയുള്ള ഉദ്യോഗസ്ഥ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. സംഭവം ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിക്കണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.