അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. രാജീവ് കോഴി, വി.എസ്. റാണ, എം. ബുഹാരി, വിത്സൺ നെടുവിള, വിളയിൽ കുഞ്ഞുമോൻ, അമ്മിണി രാജൻ, വിജയലക്ഷ്മി അമ്മ, ആർ.പ്രസന്നകുമാരി അമ്മ, തുളസീഭായി അമ്മ, ജോളി കെ.റജി എന്നീ പഞ്ചായത്ത് അംഗങ്ങളാണ് ആരോപണം ഉന്നയിച്ചത്. 2022-23, 2023-24 ലും രണ്ട് കോടിയിലധികം വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. റോഡുകളുടെ കോൺക്രീറ്റ് സ്കൂളുകളുടെ പാചാകപ്പുര, സോക്ക്പിറ്റ് നിർമ്മാണം, മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികൾ തുടങ്ങിയവ ഒന്നും നടക്കുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു. എന്നാൽ പഞ്ചായത്തിൽ രാഷ്ട്രീയ താല്പര്യം അനുസരിച്ച് താത്കാലിക നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. തൊഴിലുറപ്പ് ഓഫീസിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്തുമെന്നും പഞ്ചായത്ത് അംഗങ്ങൾ പറ‌ഞ്ഞു.