കൊട്ടാരക്കര: കല്ലടയാറിന് കുറുകെ ചെട്ടിയാരഴികത്ത് പാലം പൂർത്തിയായി. അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇഴയുന്നു. റോഡ് പൂർത്തിയാകാതെ പാലം ഗതാഗതത്തിന് തുറക്കാനുമാകില്ല. പുതുവർഷ സമ്മാനമായി പാലം നാടിന് സമർപ്പിക്കാമെന്ന കണക്കുകൂട്ടലുകൾ നടന്നില്ല. 415 മീറ്റർ നീളത്തിൽ കുളക്കട ഭാഗത്തും 390 മീറ്റർ നീളത്തി മണ്ണടി ഭാഗത്തുമാണ് അപ്രോച്ചു റോഡുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ട ജോലികൾ പൂർത്തിയായി. എന്നാൽ തുടർ പ്രവർത്തനങ്ങളിലാണ് കാലതാമസമുണ്ടാകുന്നത്.
വികസന പ്രതീക്ഷകൾക്ക് മങ്ങൽ
കൊല്ലം- പത്തനംതിട്ട ജില്ലകളെ തമ്മിലാണ് ചെട്ടിയാരഴികത്ത് പാലം യോജിപ്പിക്കുക. കുളക്കട ഗ്രാമപഞ്ചായത്തിലെ താഴത്തുകുളക്കടയെയും കടമ്പനാട് പഞ്ചായത്തിലെ മണ്ണടിയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ ഇരു പ്രദേശങ്ങളിലെ വികസനത്തിനും വഴിയൊരുങ്ങുകയാണ്. എന്നാൽ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിൽ കാട്ടുന്ന അലംഭാവം പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു.
10.18 കോടി രൂപയുടെ കരാർ
കിഫ്ബിയുടെ സഹായത്തോടെ 11.28 കോടി രൂപയാണ് പാലത്തിനും അപ്രോച്ച് റോഡിനുമായി അനുവദിച്ചിരുന്നത്. 10.18 കോടിരൂപക്കാണ് കരാർ നൽകിയത്. 130.70 മീറ്റർ നീളവും 11 മീറ്റർ വീതിയും 1.50 മീറ്റർ നടപ്പാതയുമുള്ള പാലമാണ് നിർമ്മിച്ചത്.