കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിലെ എൻ.സി.സി കേഡറ്റും മൂന്നാംവർഷ വിദ്യാർത്ഥിയുമായ അഭിജിത്ത്.എം.സുനിൽ 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.
സെവൻ കേരള ബെറ്റാലിയൻ എൻ.സി.സിയുടെ കീഴിലുള്ള ശ്രീനാരായണ പോളിടെക്നിക് കോളേജ് സബ് യൂണിറ്റിലെ കേഡറ്റായ അഭിജിത്ത് വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത് മികവ് തെളിയിച്ചാണ് ആർ.ഡി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നടന്ന പ്രത്യേക പരിശീലനത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് ഡൽഹിയിലെത്തിയത്. റിപ്പബ്ലിക് ദിന പരേഡിൽ കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് 116 പേരാണ് പങ്കെടുക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ്, സെവൻ കേരള ബെറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ എച്ച്.എസ്.സിദ്ധു, അസോ. എൻ.സി.സി ഓഫീസർ ക്യാപ്ടൻ സനിൽ കുമാർ എന്നിവർ അഭിജിത്തിനെ അഭിനന്ദിച്ചു. 2020ൽ അനന്ദു രാധാകൃഷ്ണനും 2023ൽ ജോഷ്വാ ജോസും, ജി.എസ്.വൈഷ്ണവും കോളേജിൽ നിന്ന് റിപ്പബ്ലിക് പരേഡിൽ പങ്കെടുത്തിരുന്നു
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം രാജ്ഭവനിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങിലും പങ്കെടുക്കാൻ അഭിജിത്തിന് അവസരം ലഭിക്കും. ആദിച്ചനല്ലൂർ കാലത്തൂരഴിക് വീട്ടിൽ സുനിൽ കുമാറിന്റെയും മിനിയുടെയും മകനാണ്.