കൊല്ലം: ജോലി സ്ഥലത്തെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ കുടുംബത്തിന് സർക്കാർ നീതി ഉറപ്പാക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അങ്ങേയറ്റം ആത്മാർത്ഥമായും സത്യസന്ധമായും തന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിച്ചിരുന്ന അനീഷ്യയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഭരണ കക്ഷിയിൽപ്പെട്ട അഭിഭാഷകരുടെ മാനസിക പീഡനവും ശകാരവും മൂലമാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഇവരെ അറസ്റ്റ് ചെയ്യണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അനീഷ്യയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ബിന്ദുകൃഷ്ണ ആശ്വസിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ബി. ബൈജുലാൽ, പാർലമെന്ററി പാർട്ടി ലീഡർ കെ. സുജയ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത് പരവൂർ, അസംബ്ലി പ്രസിഡന്റ് വിജയ് പരവൂർ, എൻ. സത്യദേവൻ, കൃഷ്ണകുമാരി തുടങ്ങിയവരും ബിന്ദുകൃഷ്ണയോടൊപ്പം ഉണ്ടായിരുന്നു.