കുന്നത്തൂർ : കള്ള് ഷാപ്പ് തൊഴിലാളികളെ അകാരണമായി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി സമരത്തിലേക്ക്. ശാസ്താംകോട്ട റേഞ്ചിലെ കടമ്പനാട് പത്താം നമ്പർ ഷാപ്പിലെ മോഹനൻ പിള്ള, അമ്പലത്തുംഭാഗം സി.പി മുക്ക് 14-ാം നമ്പർ ഷാപ്പിലെ മനോജ് എന്നിവരെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. വിശദീകരണം പോലും തേടാതെയാണ് ഇവരെ ജോലിയിൽ നിന്ന് പുറത്താക്കിയത്. അടുത്തിടെയാണ് ഭരണപക്ഷ യൂണിയനുകളിൽ പ്രവർത്തിച്ചിരുന്ന ഇരുവരും ഐ.എൻ.ടി.യു.സിയിൽ ചേർന്നത്.തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇന്ന് മുതൽ ഇരു ഷാപ്പുകളുടെയും പ്രവർത്തനം സ്തംഭിപ്പിച്ചുള്ള ശക്തമായ സമരമാണ് ആരംഭിക്കുന്നത്. തൊഴിലാളികളെ വ്യവസ്ഥകൾക്ക് വിധേയമായി തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതു വരെ സമരം തുടരുമെന്ന് കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അറിയിച്ചു.