kristhuraj
ക്രിസ്തുരാജ് സ്കൂൾ

കൊല്ലം: ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ച കൊല്ലത്തിന്റെ സ്വന്തം വിദ്യാലയമായ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്‌കൂൾ വജ്രജൂബിലി ആഘോഷങ്ങളും പൂർത്തിയാക്കി മുന്നേറുന്നു.

തുടർച്ചയായി അഞ്ചാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നുറുമേനി വിജയമാണ് സ്‌കൂൾ കരസ്ഥമാക്കിയത്. പഠനത്തിനൊപ്പം കലാ, കായിക രംഗങ്ങളിലും തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്താൻ ക്രിസ്തുരാജ് സ്‌കൂളിന് സാധിച്ചു.

75-ാം വാർഷികത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷനാകും.
1948ൽ ജെറോം എം.ഫെർണാണ്ടസാണ് ക്രിസ്തുരാജ് സ്‌കൂൾ എന്ന ആശയം മുന്നോട്ട് വച്ചത്. 1948ലാണ് സ്‌കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. എന്നാൽ പിന്നീട് 1962സെപ്തംബർ 17ന് പെൺകുട്ടികൾക്കായി വിമലഹൃദയ സ്‌കൂൾ ആരംഭിച്ചു. ഇതോടെ ക്രിസ്തുരാജ് സ്‌കൂൾ ആൺകുട്ടികൾക്ക് മാത്രമായി മാറി.
1998ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ച ശേഷമാണ് പെൺകുട്ടികൾ ക്രിസ്തുരാജ് സ്‌കൂളിന്റെ ഭാഗമായത്.
22 പേരാണ് സ്‌കൂളിന്റെ മേധാവികളായി ഇതുവരെ പദവി അലങ്കരിച്ചിട്ടുള്ളത്.
ബ്രദർ ഇമ്മാനുവൽ ചാക്കോയായിരുന്നു സ്‌കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ. പിന്നീട് അനസ്താസ്, ബ്രൂണോ.എം.ഫെർണാണ്ടസ്, ജോൺ ഡോമസിൻ, ജെ.ജോൺ, റോയ് സെബാസ്റ്റ്യൻ എന്നിവരും ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിട്ടുണ്ട്. നിലവിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ആൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്. 2600 ലേറെ വിദ്യാർത്ഥികളാണ് നിലവിൽ ക്രിസ്തുരാജ് സ്‌കൂളിൽ പഠിക്കുന്നത്.

നൂറിലധികം അദ്ധ്യാപകരും അനദ്ധ്യാപകരും

നൂറിലധികം അദ്ധ്യാപകരും അനദ്ധ്യാപകരും സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ക്രിസ്തുരാജ് സ്‌കൂൾ. 4.26 ഏക്കർ ഭൂമിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കളിസ്ഥലങ്ങൾ കെട്ടിടങ്ങൾക്ക് വഴിമാറുന്ന ഇക്കാലത്ത് വിശാലമായ കളിസ്ഥലം ഉണ്ടെന്നതാണ് ക്രിസ്തുരാജ് സ്‌കൂളിന്റെ പ്രത്യേകത. വിദ്യാർത്ഥികൾക്കായി പുസ്തകത്തിന്റെ വിപുലമായ ശേഖരമുള്ള ഗ്രന്ഥശാലയും ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾക്കായി നാപ്കിൻ വെൻഡിംഗ് മെഷീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

2023-24 അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ടെന്നീസ് ക്ലബുംസജ്ജമാക്കിയിട്ടുണ്ട്. സ്വന്തമായി റേഡിയോ ക്ലബും ക്രിസ്തുരാജ് സ്‌കൂളിനുണ്ട്. കുട്ടിപൊലീസ് (എസ്.പി.സി) ,എൻ.സി.സി, ജെ.ആർ.സി, സ്‌കൗട്ട് ആൻഡ് ഗൈഡ് എന്നീ വിഭാഗങ്ങളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.
2022 നവംബർ 25നാണ് സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

വി.ഐ.പികളുടെ സ്‌കൂൾ
ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ് മാറിയ ക്രിസ്തുരാജ് സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഇന്ന് വി.ഐ.പികളാണ്.
രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ്, മുൻ മന്ത്രി ബാബു ദിവാകരൻ, ഡോ. ജോൺ സക്കറിയ തുടങ്ങി നിരവധി പ്രമുഖരാണ് ക്രിസ്തുരാജ് സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങിയത്.