
കൊല്ലം: കെ.എസ്.ആർ.ടിസി ബസിൽ യാത്ര ചെയ്യവേ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു. കുണ്ടറ കരിപ്പുറം കൊല്ലൂർകോണം മുക്കൂട് ഗ്രേസ് ഭവനിൽ തോമസ്‌കുട്ടി എബ്രഹാമാണ് (75) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കണ്ടശേഷം തിരികെ വീട്ടിലേക്ക് പോകാൻ ബസ് സ്റ്റാൻഡിലെത്തി ബസിൽ കയറിയിരുന്നപ്പോഴാണ് കുഴഞ്ഞുവീണത്. ഒപ്പം ആരുമുണ്ടായിരുന്നില്ല.
ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടിയത്.
ആശുപത്രിയിൽ നിന്നിറങ്ങിയ ഉടൻ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. കണ്ടക്ടർ ടിക്കറ്റ് നൽകാൻ എത്തിയപ്പോൾ തോമസ്‌കുട്ടി അവശനിലയിലായിരുന്നു. കണ്ടക്ടർ വിവരം ഡ്രൈവറെ അറിയിച്ചു. ഇരുവരും ചേർന്ന് കുടിക്കാൻ വെള്ളം നൽകി.
തുടർന്ന് തോമസ്‌കുട്ടി ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഇതേ ബസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മകൾ: ഷീബ. മരുമകൻ- ജോൺസൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കരിപ്പുറം എ.ജി വോലയം സെമിത്തേരിയിൽ.