കൊല്ലം: പ്രതികാര ബുദ്ധിയോടെയുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളുടെ ആദ്യ ഇരയല്ല കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പരവൂർ എ.പി.പി എസ്.അനീഷ്യ. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾക്ക് വഴങ്ങാത്ത ചിലർ ഇത്തരം വിഷമ ഘട്ടങ്ങളെ അഭിമുഖീകരിച്ചത് നിയമ പോരാട്ടങ്ങളിലൂടെയായിരുന്നു.
മജിസ്‌ട്രേറ്റ് കോടതികളുടെ ജില്ലയിലെ മുതിർന്ന പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് പ്രോസിക്യൂഷൻസാണ് വർഷം തോറും എ.പി.പിമാരുടെ സി.ആർ തയ്യാറാക്കി സമർപ്പിക്കുന്നത്. അനുസരണാ ശീലം, നിയമോപദേശങ്ങൾ നൽകുന്നതിനുള്ള പ്രാവീണ്യം, കാലോചിതമായ നിയമ പരിജ്ഞാനം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് നാല് തരം റാങ്കിങ്ങോടെ സി.ആർ തയ്യാറാക്കുന്നത്.
വാർഷിക ശമ്പള വർദ്ധനവ്, ഉയർന്ന ഗ്രേഡ്, ജോലിക്കയറ്റം എന്നിവയ‌്ക്ക് സി.ആർ നിർണായക രേഖയാണ്. എന്നാൽ പ്രതികാര ബുദ്ധിയോടെയുള്ള റിപ്പോർട്ടുകൾ ഡി.ഡി.പിയുടെ അവസാന വാക്കല്ലെന്ന തിരിച്ചറിവിൽ പലരും സംസ്ഥാന ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസിനെ വസ്‌തുതകൾ ബോധിപ്പിച്ച് സി.ആർ തിരുത്തിച്ച സംഭവങ്ങളുമുണ്ട്.
അനിഷ്‌ടമുള്ളവരുടെ റിപ്പോർട്ടുകൾ സമയബന്ധിതമായി അയക്കാതെ പിടിച്ചുവച്ച സംഭവവും ജില്ലയിലുണ്ടായിട്ടുണ്ട്. വർഷം തോറുമുള്ള റിപ്പോർട്ടുകൾ യഥാസമയം ലഭിക്കുന്നുണ്ടോയെന്ന് ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസും ആഭ്യന്തര വകുപ്പും ചില ഘട്ടങ്ങളിൽ അന്വേഷിക്കാറില്ല. ഉദ്യോഗക്കയറ്റം സംബന്ധിച്ച കമ്മിറ്രി ചേരുമ്പോൾ റിപ്പോർട്ട് ആവശ്യപ്പെടുമ്പോഴാണ് ജില്ലയിലെ മേലുദ്യോഗസ്ഥന്റെ അലമാരയിൽ നിന്ന് പലപ്പോഴും റിപ്പോർട്ടുകൾ പുറംലോകം കാണാറുള്ളത്.
തർക്കങ്ങൾ പകയിലേക്ക് നീങ്ങുന്നു
കോടതി പ്രവർത്തിക്കാത്ത ദിവസങ്ങളിലെ ഡ്യൂട്ടി ക്രമീകരണവും അവധിയെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളും പലപ്പോഴും എ.പി.പിമാർ തമ്മിലുള്ള പകയിൽ കലാശിക്കുന്നു
ചിലർക്കെതിരെ ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസിനും ആഭ്യന്തര മന്ത്രാലയത്തിനും ഊമകത്തുകൾ ലഭിച്ചു
ചില ഘട്ടങ്ങളിൽ ജില്ലയിലെ സീനിയർ ഉദ്യോഗസ്ഥൻ ചാർജ് കൈമാറുന്നതിന് സീനിയോറിറ്റി മാനദണ്ഡം അട്ടിമറിച്ച് ശുപാർശ അയച്ചു
കെട്ടിക്കിടക്കുന്ന കേസുകളും പ്രോസിക്യൂഷൻ സാക്ഷികളുടെ കൂട്ടകൂറുമാറ്റവും സർക്കാർ അഭിഭാഷകരുടെ മാനസിക സമ്മർദ്ദം ഉയർത്തുന്നു