ammathottil
അമ്മത്തൊട്ടിൽ

കൊല്ലം: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി ജില്ലയിൽ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ ഒരുങ്ങുന്നു. വിക്ടോറിയ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപമാണ് അത്യാധുനിക സൗകര്യത്തോട് കൂടിയ അമ്മത്തൊട്ടിൽ സ്ഥാപിക്കുക.

ഉപേക്ഷിക്കാനെത്തുന്ന വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കുന്ന രീതിയിൽ സ്ഥാപിക്കുന്ന തൊട്ടിൽ കുഞ്ഞിനും അതീവ സുരക്ഷയാണ് നൽകുന്നത്. ഈ വർഷം തന്നെ ഇലക്ട്രോണിക്ക് അമ്മത്തൊട്ടിൽ യാഥാർത്ഥ്യമാകും.

കുഞ്ഞുമായി പ്രവേശന കവാടത്തിലെത്തുമ്പോൾ വാതിൽ തനിയെ തുറക്കും. ഇതിന് മുമ്പ് 'നിങ്ങളുടെ കുഞ്ഞിന് ഈ ലോകത്ത് നിങ്ങളെപ്പോലെ ആരും അമ്മയാകില്ല' എന്ന ശബ്ദ സന്ദേശം ലഭിക്കും. എന്നിട്ടും ഉപേക്ഷിക്കാനാണ് തീരുമാനമെങ്കിൽ വാതിൽ തുറക്കും.

ജില്ലയെ ബാലസൗഹൃദ ജില്ലയാക്കുകയെന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ജില്ലകളിലും ഇലക്ട്രോണിക് അമ്മത്തൊട്ടിൽ സ്ഥാപിക്കാനാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തീരുമാനമെങ്കിലും ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിലാണ് സ്ഥാപിക്കുന്നത്.

സുരക്ഷയും കരുതലും ഉറപ്പാക്കും

 കുഞ്ഞിനെ തൊട്ടിലിൽ കിടത്തിക്കഴിഞ്ഞാൽ വാതിൽ തനിയെ അടയും

 ഡ്യൂട്ടി നഴ്സിനും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിക്കും ഉടൻ അറിയിപ്പ്

 വാതിൽ അടഞ്ഞാൽ കുഞ്ഞ് സുരക്ഷിതമാണെന്ന് ശബ്ദസന്ദേശം

 കുഞ്ഞിന്റെ ചലനങ്ങൾ ക്യാമറയിലൂടെ ആശുപത്രി അധികൃതർക്ക് ലഭിക്കും

 ഉപേക്ഷിക്കാനെത്തിയ വ്യക്തിയെ കാണാനാകില്ല

 കുഞ്ഞിനെ സുരക്ഷിതമായി മാറ്റുന്നതുവരെ തൊട്ടിൽ ആടിക്കൊണ്ടിരിക്കും

ചെലവ് ₹ 9 ലക്ഷം

ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ജില്ലകൾ

 കൊല്ലം

 തിരുവനന്തപുരം

 കോഴിക്കോട്

 കണ്ണൂർ

 മലപ്പുറം

ഇലക്ട്രോണിക്സ് അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യപരിശോധനയും നിയമനടപടികളും പൂർത്തിയാക്കിയ ശേഷമേ ആശുപത്രി അധികൃതർ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറൂ.

ഷൈൻ ദേവ്

ജില്ലാ കൗൺസിൽ സെക്രട്ടറി

ശിശുക്ഷേമ സമിതി