t
r

2030 ആകുമ്പോഴേക്കും ലക്ഷ്യത്തിലെത്താൻ നീക്കം

കൊല്ലം: പേവിഷ ബാധ പ്രതിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ കർമ്മപദ്ധതിയിൽ കൊല്ലം കോർപ്പറേഷനെയും ഉൾപ്പെടുത്തിയതോടെ, 2030 ആകുമ്പോഴേക്കും നഗരത്തെ പേവിഷ വിമുക്തമാക്കാനുള്ള നടപടികൾക്കായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

നഗരപരിധിയിലെ എല്ലാ തെരുവ് നായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേ വിഷ പ്രതിരോധ കുത്തിവയ്പ്, തെരുവ് നായ്ക്കളെ വന്ധ്യംകരിക്കൽ, പൊതുജനങ്ങളിൽ പേവിഷ പ്രതിരോധം സംബന്ധിച്ച ബോധവത്കരണം, നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കൽ, പേവിഷ ബാധയുണ്ടോയെന്ന പരിശോധന, ഇവർക്ക് കൃത്യമായി വാക്സിൻ ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. തുടക്കമെന്ന നിലയിൽ 'കാവ' എന്ന സംഘടനയുമായി ചേർന്ന് നഗരത്തിലെ പരമാവധി നായ്ക്കൾക്ക് ആറ് മാസത്തിനുള്ളിൽ പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകും.

നിശ്ചിത ഇടവേളകളിൽ കുത്തിവയ്പ് തുടരും.

കോർപ്പറേഷൻ സെക്രട്ടറി, കോർപ്പറേഷൻ മെഡിക്കൽ ഓഫീസർ, വെറ്ററിനറി ഓഫീസർ, ജില്ലാ സർവയലൻസ് ഓഫീസർ, വന്യജീവി വകുപ്പ് പ്രതിനിധി, എൻ.യു.എച്ച്.എം പ്രോഗ്രാം മാനേജർ എന്നിവരടങ്ങിയതാണ് കർമ്മപദ്ധതി ടാസ്ക് ഫോഴ്സ്.

അയൽവാസികളിൽ ആശങ്ക!

നഗരത്തോട് ചേർന്നുള്ള പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കോർപ്പറേഷന്റെ പേവിഷ പ്രതിരോധ പദ്ധതി പൂർണമായും വിജയിക്കില്ലെന്ന ആശങ്കയുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത തെരുവ് നായ്ക്കൾ അയൽ പ്രദേശങ്ങളിൽ നിന്നു നഗരപരിധിയിലേക്ക് കടന്നുവരുമെന്ന കാര്യം ഉറപ്പാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച പേ വിഷ പ്രതിരോധ കുത്തിവയ്പ് പദ്ധതി ഇഴയുകയാണ്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതിയും ജില്ലയിൽ കോർപ്പറേഷനിൽ മാത്രമാണ് കാര്യക്ഷമമായി നടക്കുന്നത്.